ന്യൂയോർക്ക് ടൈംസിലും മിന്നലായി ‘മിന്നൽ മുരളി’

January 17, 2022

മിന്നലടിക്കുന്ന വേഗത്തിലായിരുന്നു മിന്നൽ മുരളിയുടെ വിജയം. നെറ്ഫ്ലിക്സിന്റെ ആഗോള ലിസ്റ്റിൽ തുടർച്ചയായ മൂന്നാം ആഴ്ചയും ആദ്യ പത്തിൽ ഇടം പിടിച്ചിരിക്കുന്ന ചിത്രം വലിയ പ്രേക്ഷകസ്വീകാര്യതയും നിരൂപകപ്രശംസയും നേടി മുന്നേറുകയായിരുന്നു. ഏറ്റവും കൂടുതൽ റേറ്റിംഗ് കിട്ടിയ സിനിമ എന്ന നിലയിൽ ആഗോള തലത്തിലെ പല പ്രമുഖ ലിസ്റ്റുകളിലും ഇതിനു മുൻപും ഇടം പിടിച്ച ചിത്രം നെറ്ഫ്ലിക്സിന്റെ എക്കാലത്തെയും മികച്ച ഇന്ത്യൻ സിനിമകളിൽ ഒന്നായി മാറിക്കഴിഞ്ഞിരുന്നു. ഇപ്പോൾ ന്യൂയോർക് ടൈംസിന്റെ ലിസ്റ്റിലും ചിത്രം ഇടം പിടിച്ചിരിക്കുന്നു.

ന്യൂയോർക് ടൈംസിന്റെ പ്രതിമാസ ലിസ്റ്റിൽ ഏറ്റവും മികച്ച 5 സിനിമകളിൽ ഒന്നായാണ് മിന്നൽ മുരളി തിരഞ്ഞെടുക്കപ്പെട്ടത്. ബെൽജിയൻ സിനിമയായ ‘ബിന്തി’, ,മെക്സിക്കൻ ചിത്രം ‘വർക്‌ഫോഴ്‌സ്‌’, നോർവീജിയൻ സിനിമ ‘ഗ്രിറ്റ്’, കൊളംബിയൻ ചിത്രം ‘മ്യുട്ട് ഫയർ’ എന്നീ ചിത്രങ്ങൾക്കൊപ്പം മൂന്നാം സ്ഥാനത്താണ് ‘മിന്നൽ മുരളി’ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. കുറുക്കൻമൂലയെന്ന ഗ്രാമത്തിൽ ജീവിക്കുന്ന തയ്യൽക്കാരനായ ജെയ്‌സണ് മിന്നലടിക്കുന്നതോട് കൂടി അതിമാനുഷിക ശക്തികൾ ലഭിക്കുന്നതും അയാൾ ആ ഗ്രാമത്തിന്റെ രക്ഷകൻ ആയി മാറുന്നതുമാണ് മിന്നൽ മുരളിയുടെ ഇതിവൃത്തം. ചിത്രത്തിലെ പ്രതിനായകനെ അവതരിപ്പിച്ച ഗുരു സോമസുന്ദരവും വലിയ രീതിയിൽ പ്രശംസ നേടിയിരുന്നു.

Read More: ഗാലറിയിൽ കപിൽ ദേവ്, പിതാവിനെ അവതരിപ്പിച്ച് മൊഹിന്ദർ അമർനാഥ്; ’83’ സിനിമയിലെ സർപ്രൈസുകൾ…

പരിമിതമായ നിർമാണച്ചിലവിൽ ഒരുങ്ങിയ മിന്നൽ മുരളി മികച്ച ഒരു സൂപ്പർഹീറോ ഒറിജിൻ സിനിമയായാണ് ആഗോളതലത്തിൽ പ്രശംസിക്കപ്പെട്ടത്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമാണം സോഫിയ പോൾ നിർവഹിച്ചിരിക്കുന്നു. സംവിധായകൻ കൂടിയായ സമീർ താഹിർ ഛായാഗ്രഹണം നിർവഹിച്ചപ്പോൾ അരുൺ അനിരുദ്ധനും ജസ്റ്റിൻ മാത്യുവും ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. മിന്നൽ മുരളിയായി ടോവിനോ തോമസ് എത്തിയ സിനിമയിൽ ഗുരു സോമസുന്ദരം, ഫെമിന ജോർജ്, അജു വര്ഗീസ്, ഷെല്ലി കിഷോർ എന്നിവരും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു.

ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസഫും നടൻ ടോവിനോ തോമസും അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ഈ വാർത്ത പങ്ക് വച്ചിട്ടുണ്ട്.

Story Highlights: Minnal murali in ‘The New York Times’ movies list