മിന്നൽ മുരളിയിലെ ആ വലിയ ശബ്ദങ്ങൾക്ക് പിന്നിൽ; ശ്രദ്ധനേടി മേക്കിങ് വിഡിയോ

January 9, 2022

കാഴ്ചക്കാരിൽ ആവേശം നിറച്ചുകൊണ്ടാണ് മിന്നൽ മുരളി പ്രേക്ഷകരിലേക്കെത്തിയത്. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന ടാഗ്‌ലൈനോടെ എത്തിയ ചിത്രം കഥയ്ക്കും കഥാപാത്രത്തിനും ലൊക്കേഷനുമൊപ്പം തന്നെ പ്രാധാന്യം നൽകിയതാണ് ചിത്രത്തിലെ സൗണ്ട് മിക്സിങ്ങിനും. സിനിമയുടെ സൗണ്ട് ഡിസൈൻ നിർവഹിച്ചത് നിക്‌സൺ ജോൺസാണ്. സിനിമയുടെ ക്ളൈമാക്സ് സമയത്ത് കടന്നുവരുന്ന വലിയ ആൾക്കൂട്ടത്തിന്റെ ശബ്ദം ഷൂട്ട് ചെയ്തതിന്റെ മേക്കിങ് വിഡിയോയാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം നിർവഹിച്ച ചിത്രമാണ് മിന്നൽ മുരളി. ഇടിമിന്നലേറ്റ് അമാനുഷീക ശക്തി ലഭിക്കുന്ന രണ്ട് പേരുടെയും അവരെ ചുറ്റിപ്പറ്റിയുള്ള ആളുകളിലൂടെയുമാണ് മിന്നൽ മുരളി മുന്നോട്ട് പോകുന്നത്. ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.

Read also: പാട്ട് വേദി കാത്തിരുന്ന സുന്ദരനിമിഷം; മിയക്കും മേഘ്‌നക്കുമൊപ്പം അനന്യക്കുട്ടിയും

മികച്ച സ്വീകാര്യത നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകും എന്ന തരത്തിലും ഇപ്പോൾ വാർത്തകൾ പുറത്തുവരുന്നുണ്ട്. ഗോദയ്ക്ക് ശേഷം ടൊവിനോ- ബേസിൽ കൂട്ടുകെട്ടിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് മിന്നൽ മുരളി. ലോകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് സിനിമ പ്രേമികളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story highlights: Minnal Murali Sound recording making video