‘ഹൃദയം’ തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവരുടെ സിനിമയെന്ന് മോഹൻലാൽ; വർഷങ്ങൾക്ക് ശേഷം ഒരു മലയാളസിനിമയുടെ ഓഡിയോ കാസറ്റ് റീലീസ്

January 19, 2022

മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന സിനിമയാണ് വിനീത് ശ്രീനിവാസന്റെ ‘ഹൃദയം.’ സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഹൃദയത്തിൽ പതിനഞ്ചോളം പാട്ടുകളുണ്ട്. തിങ്കളാഴ്ച കൊച്ചിയിലായിരുന്നു ഹൃദയത്തിന്റെ ഓഡിയോ ലോഞ്ച്. ഡിജിറ്റൽ റിലീസിനൊപ്പം ചിത്രത്തിലെ ഗാനങ്ങൾ ഓഡിയോ കാസറ്റായും പുറത്തിറങ്ങുന്നുണ്ട്.

ചിത്രത്തിലെ അഭിനേതാക്കൾക്ക് പുറമെ മുഖ്യാതിഥിയായി നടൻ മോഹൻലാലും ഓഡിയോ ലോഞ്ചിനുണ്ടായിരുന്നു. ചടങ്ങിൽ വെച്ചാണ് മോഹൻലാൽ സിനിമയെ പറ്റി അദ്ദേഹത്തിന്റെ ഹൃദയം തുറന്നത്.

“ഒരുപാട് പ്രത്യേകതകളുള്ള സിനിമയാണ് എനിക്കിത്. ഇതിലഭിനയിക്കുന്ന ആൾക്കാർ, ഇത് നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ആൾക്കാരൊക്കെ എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ആൾക്കാർ തന്നെയാണ്. ഈ സിനിമയുടെ പേര് പോലെ തന്നെ അത്രയും പ്രത്യേകതകളുള്ള സിനിമയാണ് എനിക്കിത്. എന്റെ മകൻ അഭിനയിക്കുന്നു എന്നതിലുപരി എന്റെ സുഹൃത്തുക്കളുടെ കുട്ടികളാണ് ഇത് സംവിധാനം ചെയ്യുകയും നിർമിക്കുകയും ചെയ്തിരിക്കുന്നതും ഇതിൽ അഭിനയിച്ചിരിക്കുന്നതും. ഇത് ഏറ്റവും വലിയ വിജയമായി മാറട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു” എന്ന് മോഹൻലാൽ ഓഡിയോ ലോഞ്ചിൽ പറഞ്ഞു.

Read More: നദിയിൽ പ്രത്യക്ഷപ്പെട്ടത് വിപരീത ദിശയിൽ കറങ്ങുന്ന മഞ്ഞുചക്രം; വിചിത്ര പ്രതിഭാസത്തിന് പിന്നിൽ…

സംഗീത സംവിധായകനായ ഹിഷാമിനും അദ്ദേഹം ആശംസകൾ എടുത്ത് പറഞ്ഞു. ചിത്രത്തിലെ ഗാനങ്ങളെല്ലാം ആളുകൾ ഹൃദയത്തോട് ചേർത്തുവെന്നും മോഹൻലാൽ ചടങ്ങിൽ പറഞ്ഞു.

ജനുവരി 21നാണ് ഹൃദയം തിയേറ്ററുകളിലേക്ക് എത്തുന്നത്. പ്രണവ് മോഹൻലാലിനെ കൂടാതെ ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ, അജു വർഗ്ഗീസ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.

Story Highlights: Mohanlal says ‘Hridayam’ is close to his heart