ഒമിക്രോൺ: നിസാരമായി കാണരുത് കുട്ടികളിലെ ചുമ
പിടിമുറുക്കിയ കൊവിഡിനൊപ്പം ദിവസവും റിപ്പോർട്ട് ചെയ്യുന്ന ഒമിക്രോൺ രോഗികളുടെ എണ്ണവും വർധിക്കുന്നത് ആളുകളിൽ വലിയ രീതിയിലുള്ള ആശങ്ക ജനിപ്പിക്കുന്നുണ്ട്. മുതിർന്നവർക്കൊപ്പം കുട്ടികളിലും ഒമിക്രോൺ കേസുകൾ കണ്ടെത്തിക്കഴിഞ്ഞു. ചെറിയ കുട്ടികളിൽ കാണപ്പെടുന്ന ചുമയും ശ്വാസം മുട്ടലും ഒമിക്രോൺ കാരണമാകാം എന്നാണ് ഡോക്ടർമാർ പറയുന്നത്. അതേസമയം ഒമിക്രോൺ ബാധിതരായ കുട്ടികളിൽ ഉണ്ടാകുന്ന ചുമ ക്രൂപ് അഥവാ ലാരിഞ്ചോട്രക്കിയോ ബ്രോങ്കൈറ്റിസ് എന്നയിനത്തിൽപ്പെട്ടതാകാം എന്നാണ് മയോ ക്ലിനിക്കിലെ ആരോഗ്യവിദഗ്ധർ പറയുന്നത്.
ഈ സമയങ്ങളിൽ കുട്ടികൾ ചുമയ്ക്കുമ്പോൾ പ്രത്യേകമായൊരു ശബ്ദമായിരിക്കും പുറത്തേക്ക് വരുക. ശാസകോശ നാളിയിൽ ഉണ്ടാകുന്ന അണുബാധ മൂലം ചുമയ്ക്ക് പുറമെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഇത്തരം കുട്ടികളിൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതേസമയം ക്രൂപ് വളരെ എളുപ്പം കണ്ടെത്താവുന്ന തരം ചുമയാണെന്നും രോഗബാധിതരായ കുട്ടികളിൽ പലരിലും ഈ രോഗലക്ഷണങ്ങൾ കണ്ടെത്തിയതായും ഇവർ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതേസമയം രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുണ്ട്. കേരളത്തിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 5797 കേസുകളാണ്.
Story highlights: Omicron Variant in children