നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ വാങ്ങിയ ടിക്കറ്റിന് സമ്മാനം; ക്രിസ്മസ്-പുതുവത്സര ബമ്പർ തുണച്ചത് കോട്ടയത്തെ പെയിന്റിംഗ് തൊഴിലാളിയെ
കേരള സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ഭാഗ്യക്കുറിയുടെ വിജയിക്കായുള്ള കാത്തിരിപ്പിലായിരുന്നു മലയാളികൾ. ബമ്പർ നറുക്കെടുപ്പുകൾ പലപ്പോഴും ഹൃദയംതൊടുന്ന ജീവിതങ്ങളിലേക്ക് വെളിച്ചം വിതറുന്നത് പതിവായതുകൊണ്ടുതന്നെ ക്രിസ്മസ്-പുതുവത്സര ബമ്പറിലും ഒരു അത്ഭുതം പ്രതീക്ഷിച്ചിരുന്നു എല്ലാവരും. അത് ഇക്കുറിയും തെറ്റിയില്ല.
ക്രിസ്മസ്-പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി സമ്മാനമായി ലഭിച്ചത് കോട്ടയത്തെ ഒരു സാധാരണ പെയിന്റിംഗ് തൊഴിലാളിക്കാണ്. തിരുവനന്തപുരത്ത് ഭാഗ്യക്കുറി നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഞായറാഴ്ച രാവിലെയാണ് അയ്മനത്തിനടുത്ത് കുടയമ്പാടി സ്വദേശി സദൻ എന്ന സദാനന്ദൻ ഒരു ലോട്ടറി വില്പനക്കാരനിൽ നിന്ന് XG 218582 എന്ന നമ്പരിലുള്ള ലോട്ടറി ടിക്കറ്റ് വാങ്ങിയത്.
രാവിലെ ഇറച്ചി വാങ്ങുന്നതിനായി അടുത്തുള്ള മാർക്കറ്റിലേക്ക് പോയപ്പോഴാണ് സമ്മാനം നേടിയ ടിക്കറ്റ് സെൽവനെന്ന ലോട്ടറി വിൽപനക്കാരനിൽ നിന്നും അദ്ദേഹം വാങ്ങിയത്. ഈ ടിക്കറ്റ് കോട്ടയം ടൗണിലെ ലോട്ടറി ഏജന്റായ ബിജി വർഗീസ് കുടയംപടിക്ക് സമീപം പാണ്ഡവത്ത് ലോട്ടറി വിൽപനക്കാരനായ സെൽവന് വിറ്റതായിരുന്നു.
അതേസമയം, കഴിഞ്ഞ 50 വർഷമായി പെയിന്റിംഗ് തൊഴിലാളിയാണ് സദാനന്ദൻ. മക്കളായ സനീഷിന്റെയും സഞ്ജയിന്റെയും ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ ഈ തുക ഉപയോഗിക്കുമെന്നാണ് ഇദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
Read Also: പുഷ്പയിലെ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് സനുഷ- വിഡിയോ
ക്രിസ്മസ്- പുതുവത്സര ബമ്പറിന്റെ ടിക്കറ്റിന് 300 രൂപയാണ് വില. രണ്ടാം സമ്മാനം 3 കോടി രൂപയാണ്. ഇത് ആറ് ടിക്കറ്റുകൾക്ക് ലഭിച്ചു. മൂന്നാം സമ്മാനമായ 60 ലക്ഷം രൂപയും ആറ് ടിക്കറ്റുകൾക്ക് ലഭിച്ചു. അതേസമയം, കഴിഞ്ഞവർഷം സെപ്റ്റംബറിൽ കേരളത്തിലെ ഒരു ഓട്ടോ ഡ്രൈവറാണ് ഓണം ബമ്പറിന്റെ 12 കോടി സ്വന്തമാക്കിയത്.
Story highlights- Painter who bought ticket a few hours before draw wins Rs 12 cr