മഞ്ഞുപുതച്ചുകിടക്കുന്ന താഴ്വാരങ്ങൾക്കൊപ്പം യാത്രാപ്രേമികൾക്ക് ഹരമായി ഐസ് കൊണ്ടൊരുക്കിയ അണക്കെട്ടും
മഞ്ഞ് വീണുകിടക്കുന്ന മനോഹരമായ താഴ്വാരങ്ങൾ കാഴ്ചക്കാരുടെ മുഴുവൻ മനം കവരുന്ന കാഴ്ചയാണ്. ഇപ്പോഴിതാ യാത്രക്കാരുടെ മുഴുവൻ ഹൃദയം കവരുകയാണ് അർജന്റീനയിലെ പാടാഗോണിയൻ പ്രദേശത്തെ പെരിറ്റോ മൊറേനോ ഗ്ലേഷിയറിലെ ചില മഞ്ഞു കാഴ്ചകൾ. അർജന്റീന തടാകത്തിനുള്ളിൽ ഈ മഞ്ഞുകളാൽ തീർക്കുന്ന അണക്കെട്ടാണ് ഇവിടെത്തുന്ന സഞ്ചാരികളുടെ മുഴുവൻ കണ്ണുകളെ ആകർഷിക്കുന്ന കാഴ്ച. ഈ ഹിമാനികൾ തടാകത്തെ രണ്ടായി വിഭജിക്കുമ്പോഴാണ് ഈ അണക്കെട്ടുകൾ രൂപംപ്രാപിക്കുന്നത്.
മതിലിന് സമാനമായ രൂപത്തിൽ വളരുന്ന ഹിമാനിയുടെ അടിത്തറ നന്നായി ഉറച്ചതായതിനാൽ ഇതൊരു സ്വാഭ്വിക അണക്കെട്ടായി മാറുകയും ചെയ്യും. എന്നാൽ ഇവയുടെ രണ്ടു വശത്തേയും ജലനിരപ്പുകളിൽ വലിയ രീതിയിലുള്ള വിത്യാസം ഉണ്ട്. ഹിമാനി ഉരുകുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ജലമാണ് ഈ വ്യത്യാസം സൃഷ്ടിക്കുന്നത്. അതേസമയം ഒരു പരിധി കഴിഞ്ഞാൽ ജലത്തിന്റെ സമ്മർദ്ദം താങ്ങാനാവാതെ തടയണ പൊട്ടും. അങ്ങനെ തടാകത്തിലേക്ക് ജലം പതിക്കും. എന്നാൽ വീണ്ടും ഈ ഹിമാനി വളർന്ന് മതില് രൂപത്തിലാകും. എന്നാൽ ഇത്തരത്തിൽ മതിലുകൾ രൂപപ്പെടാൻ ഏകദേശം അഞ്ച് വർഷത്തോളം എടുക്കും. മഞ്ഞുമല ചെറിയ ഭാഗങ്ങളായി ഇടിഞ്ഞുവീഴുന്നത് കാണുന്നതിനായി നിരവധി സഞ്ചാരികളും ഇവിടേക്ക് എത്താറുണ്ട്.
അതേസമയം ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല ശേഖരങ്ങളിൽ ഒന്ന് കൂടിയാണ് ഈ ഹിമാനി. എളുപ്പത്തിൽ ഇവിടേക്ക് എത്തിച്ചേരാൻ കഴിയുന്നതും സാഹസീക ട്രക്കിങ്ങിനുള്ള അവസരവും അടക്കം ഇവിടെക്ക് സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നതിനുള്ള കാരണങ്ങൾ നിരവധിയാണ്.
Story highlights: Perito Moreno glacier is one of the most spectacular sights