പ്രേക്ഷകർ കാണാതെ പോയ ‘പുഷ്പ’യിലെ ചില രംഗങ്ങൾ; ശ്രദ്ധനേടി വിഡിയോ

January 3, 2022

തിയേറ്ററുകളെ ആവേശം കൊള്ളിച്ചുകൊണ്ട് പ്രേക്ഷകരിലേക്കെത്തിയ അല്ലു അർജുൻ ചിത്രമാണ് പുഷപ. കള്ളക്കടത്തുകാരൻ പുഷ്പരാജായി എന്ന അല്ലു അർജുൻ വേഷമിടുന്ന ചിത്രത്തിലെ ഡിലീറ്റ് ചെയ്ത ചില ഭാഗങ്ങളാണ് ഇപ്പോൾ അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്‌. ഉൾവനങ്ങളിൽ ചന്ദന കള്ളക്കടത്ത് നടത്തുന്ന ആളുടെ കഥപറയുന്ന ചിത്രത്തിൽ മലയാളി താരം ഫഹദ് ഫാസിലും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സുകുമാർ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിച്ച ചിത്രം എന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്. തെലുങ്കിന് പുറമെ, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തിയിരുന്നു. മലയാളത്തിൽ അല്ലു അർജുന്റെ കഥാപാത്രത്തിന് ശബ്ദം നൽകിയത് സംവിധായകൻ ജിസ് ജോയ് ആണ്. ചിത്രത്തിൽ അല്ലു അർജുന്റെ നായികയായി എത്തിയത് രശ്‌മിക മന്ദാനയാണ്. ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read also: ‘കൊണ്ടോരാം കൊണ്ടോരാം…’ പാട്ട് വേദിയുടെ ഹൃദയം കവർന്ന് എം ജെയും മേഘ്‌നക്കുട്ടിയും, വിഡിയോ

മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിർമാണം. ദേവി ശ്രീ പ്രസാദിന്റേതാണ് സംഗീതവും സൗണ്ട് ട്രാക്കും..മിറോസ്ലോ കുബ ബറോസ്‌കിന്റേതാണ് ക്യാമറ. സൗണ്ട് എഞ്ചിനീയറായി ഓസ്കർ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടി എത്തുന്നു. കാര്‍ത്തിക് ശ്രീനിവാസാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കിയത്. അതേസമയം രണ്ട് ഭാഗങ്ങളായി ഒരുക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമ ആസ്വാദകർ.

Story highlights; Pushpa Deleted Scene