മഴവിൽ വർണ്ണങ്ങളിൽ ഒരു കടൽ ജീവി; ശ്രദ്ധനേടി അപൂർവ ജീവിയുടെ ചിത്രങ്ങൾ
സമൂഹമാധ്യമങ്ങളിൽ അടക്കം ഏറെ ശ്രദ്ധ നേടുകയാണ് മഴവിൽ വർണ്ണങ്ങളിൽ മനോഹരമായ ഒരു കടൽ ജീവിയുടെ ദൃശ്യങ്ങൾ. ക്വീൻസ്ലാന്റിൽ നിന്നുള്ള ഒരു മറൈൻ ബയോളജിസ്റ്റാണ് മഴവിൽ നിറമുള്ള ഈ ജീവിയെ കണ്ടത്. ആദ്യകാഴ്ചയിൽ കടലിൽ പൊങ്ങിക്കിടക്കുന്ന തിളങ്ങുന്ന ഓറഞ്ച് നിറത്തിലുള്ള ഒരു തുണിക്കഷണം പോലെയാണ് ഇത് കാണപ്പെട്ടത്. പിന്നീട് ഇത് മത്സ്യമാണോ നീരാളിയാണോ എന്ന് സംശയം തോന്നിയെങ്കിലും തുടർന്നുള്ള അന്വേഷണത്തിൽ ഇതൊരു നീരാളിയാണെന്ന് മനസിലായി.
ജസീന്ത ഷാക്കിൾട്ടൺ എന്ന ആളാണ് ഈ അപൂർവ കടൽ ജീവിയെ കണ്ടത്. അതേസമയം ഇവ പെലാജിക് ഒക്ടോപസ് ഇനത്തിൽപെട്ട ബ്ലാങ്കറ്റ് നീരാളി എന്നറിയപ്പെടുന്നവയാണ്. 20 വർഷങ്ങൾക്ക് മുമ്പാണ് ഇതിന്റെ ഒരു ആൺ ഒക്ടോപസിനെ അവസാനമായി കണ്ടത്. ഇവയിൽ പെൺ ബ്ലാങ്കറ്റ് നീരാളിക്ക് രണ്ട് മീറ്റർ വരെ നീളമായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ ആൺ ബ്ലാങ്കറ്റ് ഒക്ടോപസിന് 2.4 സെന്റീമീറ്റർ നീളമാണ് ഉണ്ടാവുക.
വളരെ അപൂർവമായി മാത്രം കണ്ടുവരുന്ന കടൽ ജീവികളിൽ ഒന്നാണ് ബ്ലാങ്കറ്റ് ഒക്ടോപസ്. ഇവയ്ക്ക് അധികം ആയുസ് ഇല്ലാത്തതും, ഇണചേർന്നാൽ ഉടൻ തന്നെ ഇവ ചാകുന്നതുമാണ് ഇതിന് പ്രധാന കാരണം. എന്തായാലും വർഷങ്ങൾക്ക് ശേഷം ഇത്തരത്തിൽ ഈ ജീവിവർഗ്ഗത്തെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ശാസ്ത്രലോകം.
Story highlights: rainbow like octopus found