കൊവിഡ് കനിഞ്ഞാൽ RRR മാർച്ച് 18 ന്
ഇന്ത്യയൊട്ടാകെ സിനിമ ആരാധകർ കാത്തിരിക്കുന്ന എസ് എസ് രാജമൗലിയുടെ മാസ്സ് ആക്ഷൻ സിനിമയായ RRR ന് പുതിയ റിലീസ് തീയതി. മാർച്ച് 18 ന് ചിത്രം തീയേറ്ററുകളിലേക്കെത്തുമെന്ന് നിർമാതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 18 ന് റിലീസ് ചെയ്യാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ഏപ്രിൽ 28 ന് റിലീസുണ്ടാവും എന്നും ട്വിറ്ററിലൂടെ നിർമാതാക്കൾ അറിയിച്ചു.
“രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെടുകയും തീയേറ്ററുകൾ മുഴുവൻ തുറന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന സാഹചര്യമാണെങ്കിൽ മാർച്ച് 18 ന് RRR റിലീസ് ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. അങ്ങനെയല്ലെങ്കിൽ ഏപ്രിൽ 28 ന് ചിത്രത്തിന്റെ റിലീസുണ്ടാവും.” RRR ടീം ട്വീറ്റ് ചെയ്തു.
ഈ മാസം 7 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് സാഹചര്യം നിയന്ത്രണാതീതമായതിനെ തുടർന്നാണ് മാറ്റിവയ്ക്കപ്പെട്ടത്. റിലീസിന് ദിവസങ്ങൾക്ക് മുൻപാണ് പ്രദർശനം മാറ്റിവയ്ക്കാനുള്ള നിർമാതാക്കളുടെ തീരുമാനമുണ്ടായത്. ഇന്ത്യയൊട്ടാകെ ചിത്രത്തിന്റെ വലിയ രീതിയിലുള്ള പ്രൊമോഷൻ വർക്കുകൾ നടക്കുന്നതിനിടയിലാണ് റീലീസ് മാറ്റിവയ്ക്കാനുള്ള തീരുമാനം പുറത്തു വന്നത്. യുവതാരം ടോവിനോ തോമസായിരുന്നു ചിത്രത്തിന്റെ കേരളത്തിലെ പ്രൊമോഷൻ പരിപാടിയിലെ മുഖ്യാഥിതി.
Read More: പുഷ്പയിലെ ശ്രീവല്ലി ഗാനത്തിന് ചുവടുവെച്ച് ക്രിക്കറ്റ് താരം സുരേഷ് റെയ്ന- വിഡിയോ
2020 ൽ പുറത്തുവരേണ്ടിയിരുന്ന ചിത്രം കൊവിഡ് സാഹചര്യം വഷളായതിനെ തുടർന്ന് നിരവധി തവണയാണ് റിലീസ് മാറ്റി വച്ചത്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജീവിച്ചിരുന്ന രണ്ട് സ്വാതന്ത്ര്യസമരസേനാനികളുടെ കഥയാണ് RRR പറയുന്നത്. തെലുങ്ക് സൂപ്പർ താരങ്ങളായ ജൂനിയർ എൻടിആറും രാം ചരണും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഡിവിവി എന്റെർറ്റൈൻന്മെറ്സാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Story Highlights: ‘RRR’ release on March 18