വൃദ്ധയായ സായി പല്ലവി; ശ്യാം സിൻഹ റോയിയിലെ ക്യാരക്ടറിന് പിന്നിൽ, ശ്രദ്ധനേടി മേക്കിങ് വിഡിയോ

January 18, 2022

തമിഴകത്തിന് മാത്രമല്ല മലയാളത്തിനും ഏറെ സുപരിചിതയാണ് സായ് പല്ലവി. അതുകൊണ്ടുതന്നെ ഭാഷാഭേദമന്യേ താരത്തിന്റെ ചിത്രങ്ങളെയും ഏറ്റെടുക്കാറുണ്ട് ആരാധകർ. താരത്തിന്റേതായി അടുത്തിടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് ശ്യാം സിൻഹ റോയ്. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ഒരു പീരിയഡ് ചിത്രമാണിത്. പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങൾ ലഭിച്ച ചിത്രത്തിലെ താരത്തിന്റെ മേക്കോവർ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന വിഡിയോയാണ് ഇപ്പോൾ ആരാധകരിൽ കൗതുകമാകുന്നത്. ചിത്രത്തിലെ താരത്തിന്റെ പ്രായമായ ഗെറ്റപ്പിലുള്ള ലുക്കിന് പിന്നിലെ മേക്കിങ് വിഡിയോയാണിത്.

സിനിമയിൽ സായി പല്ലവിക്കൊപ്പം നാനി ഒരു ബംഗാളി കഥാപാത്രമായി എത്തുന്നു. സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് ചിത്രത്തിന്റെ ലൊക്കേഷൻ. ഹൈദരാബാദിൽ 10 ഏക്കർ സ്ഥലത്ത് കൊൽക്കത്തയുമായി സാമ്യമുള്ള ഒരു വലിയ സെറ്റ് സ്ഥാപിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. കലാസംവിധായകൻ അവിനാശ് കൊല്ലയാണ് സെറ്റ് ഒരുക്കിയത്. സത്യദേവ് ജംഗയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

ചിത്രത്തിൽ കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ, ജിഷു സെൻഗുപ്ത, രാഹുൽ രവീന്ദ്രൻ, മുരളി ശർമ, അഭിനവ് ഗോമാതം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീത സംവിധായകൻ മിക്കി ജെ മേയർ, ഛായാഗ്രാഹകൻ സാനു ജോൺ വർഗ്ഗീസ്, എഡിറ്റർ നവീൻ നൂലി എന്നിവരാണ് ശ്യാം സിൻഹ റോയിയുടെ അണിയറയിൽ പ്രവർത്തിക്കുന്നത്.

Read also: 15-ആം വയസിലെ വാർധക്യമരണം; ജീവിതംകൊണ്ട് ലോകത്തിന് പ്രചോദനമായ അഡാലിയ ഓർമയാകുമ്പോൾ…

അതേസമയം മനോഹര നൃത്തംകൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയംകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയമായ താരമാണ് സായി പല്ലവി. 2012 ല്‍ പുറത്തിറങ്ങിയ ‘പ്രേമം’ ആണ് സായി പല്ലവിയുടെ ആദ്യ മലയാള ചിത്രം. പ്രേമത്തിലെ മലര്‍ മിസ് എന്ന കഥാപാത്രം മികച്ച പ്രേക്ഷക സ്വീകര്യത നേടിയിരുന്നു. 2019-ല്‍ ഫഹദ് ഫാസിലിന്റെ നായികയായി ‘അതിരന്‍’ എന്ന ചിത്രത്തിലാണ് താരം മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. തമിഴ്, തെലുങ്ക് ഭാഷകളിൽ തിരക്കുള്ള താരമാണ് സായി.

Story highlights: Sai Pallavi make over video