‘കള്ളൻ ഡിസൂസ’യായി സൗബിൻ ഷാഹിർ; ശ്രദ്ധനേടി ‘തനിച്ചാകുമീ’ എന്ന ഗാനം
നിരവധി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച താരമാണ് സൗബിൻ സാഹിർ. ദുൽഖർ സൽമാൻ നായകനായ ചാർലിയിൽ കള്ളൻ വേഷത്തിലെത്തിയ സൗബിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ താരം കള്ളൻ വേഷത്തിലെത്തുന്ന മറ്റൊരു ചിത്രമാണ് കള്ളൻ ഡിസൂസ. ജിത്തു കെ ജയൻ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 27 നാണ് തിയേറ്ററിൽ എത്തുന്നത്. ഇപ്പോഴിതാ ശ്രദ്ധനേടുകയാണ് ചിത്രത്തിലേതായി പുറത്തുവന്ന ഗാനം. ‘തനിച്ചാകുമീ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമൻ. ഗാനത്തിന്റെ വരികൾ തയാറാക്കിയിരിക്കുന്നത് ബി കെ ഹരിനാരായണൻ ആണ്, സംഗീതം പ്രശാന്ത് കർമ്മയാണ്. ദിലേഷ് പോത്തൻ, ഹരീഷ് കണാരൻ, സുരഭി ലക്ഷ്മി എന്നിവരും അഭിനയിക്കുന്നുണ്ട്. റൂബി ഫിലിംസിന്റെ ബാനറിൽ സാന്ദ്ര തോമസ് ആണ് ചിത്രം നിർമിക്കുന്നത്.
നടനായും സംവിധായകനായുമൊക്കെ മലയാള സിനിമയിലെ തിരക്കുള്ള നടനായി മാറിയ താരമാണ് സൗബിൻ. സിനിമയുടെ എല്ലാ മേഖലകളിലും കൈവച്ച് കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ് സൗബിൻ സാഹിർ. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി എത്തിയ സൗബിനിപ്പോൾ വെള്ളിത്തിരയിൽ നിന്നും സ്ഥാനക്കയറ്റം കിട്ടിയത് മലയാളികളുടെ ഹൃദയത്തിലേക്കാണ്. ‘സുഡാനി ഫ്രം നൈജീരിയ’യാണ് നായകനായി സൗബിൻ വേഷമിട്ട ആദ്യ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം താരത്തെത്തേടിയെത്തിയത്.
സൗബിൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രവും സിനിമ ലോകത്തിന് പുതിയൊരു സംവിധായകനെ കൂടി. വെള്ളിത്തിരയിൽ തിരക്കുള്ള താരത്തിന്റേതായി നിരവധി ചിത്രങ്ങളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്. ജൂതൻ, വെള്ളരിക്ക പട്ടണം, മ്യാവൂ തുടങ്ങിയ ചിത്രങ്ങളാണ് വെള്ളിത്തിരയിൽ ഒരുങ്ങുന്നത്.