എനിക്കും നിന്നെപ്പോലെ മൊട്ടത്തലയാണ്; കീമോതെറാപ്പിയുടെ വേദനകൾക്കിടയിലും അടുത്ത ബെഡിലെ കുരുന്നിനെ ആശ്വസിപ്പിക്കുന്ന മൂന്ന് വയസുകാരൻ, നൊമ്പരമായി വിഡിയോ
ഉള്ളിൽ ഒരു നീറലോടെയല്ലാതെ കണ്ടുതീർക്കാനാവില്ല സമൂഹമാധ്യങ്ങളിൽ വൈറലാകുന്ന നുവോയി എന്ന മൂന്ന് വയസുകാരന്റെ വിഡിയോ. രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുകയാണ് നുവോയി. കീമോതെറാപ്പിയുടെ വേദനകൾക്കിടയിലും ഏറെ സന്തോഷത്തോടെ മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ് ഈ കുഞ്ഞ്. കീമോതെറാപ്പിയ്ക്ക് വേണ്ടി തലമൊട്ടയടിക്കേണ്ടി വന്ന അടുത്ത ബെഡിലെ പെൺകുട്ടിയെയാണ് നുവോയി ആശ്വസിപ്പിക്കുന്നത്.
തന്റെ തല കാണിച്ച് എനിക്കും നിന്നെപ്പോലെ മൊട്ടത്തലയാണല്ലോ എന്ന് പറഞ്ഞാണ് ഈ കുരുന്ന് അടുത്ത ബെഡിലെ പെൺകുട്ടിയെ ആശ്വസിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നുവോയിയ്ക്ക് അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ആണെന്ന് തിരിച്ചറിഞ്ഞത്. ചികിത്സയുടെ ഭാഗമായി മൂന്ന് മാസങ്ങൾക്ക് മുൻപ് നുവോയിയുടെ തലയും മൊട്ടയടിച്ചിരുന്നു. ആദ്യമൊക്കെ ഇത് ഈ കുരുന്നിനെ ഏറെ സങ്കടപ്പെടുത്തിയിരുന്നെങ്കിലും ഇന്നിപ്പോൾ മറ്റുള്ള കുരുന്നുകൾക്ക് മുഴുവൻ പ്രചോദനവും ആശ്വാസവും പകരുകയാണ് ഈ കുഞ്ഞുമോൻ.
ചികിത്സയുടെ ഭാഗമായി നിരവധി റെസ്ട്രിക്ഷൻസാണ് ഈ കുരുന്നിനുള്ളത്. മരുന്ന് കഴിക്കുന്നതിനാൽ വീട്ടിൽ പാചകം ചെയ്യുന്ന ഭക്ഷണങ്ങൾ മാത്രമേ നുവോയിയ്ക്ക് കഴിക്കാൻ സാധിക്കു. അതുകൊണ്ടുതന്നെ തനിക്ക് കഴിക്കാൻ കൊതിതോന്നുന്ന ഭക്ഷണങ്ങൾ ഒക്കെയും ഒന്ന് മണത്തുനോക്കിയിട്ട് ഇതൊക്കെ തനിക്ക് അസുഖം മാറിയതിന് ശേഷം കഴിക്കാമല്ലോ എന്ന് പറഞ്ഞ് ആശ്വസിക്കുകയാണ് ഈ കുഞ്ഞുമോൻ.
Story highlights: video of 3-year old boy with leukaemia encourages girl in next bed