‘ഓ മൈ ഗോഡ് ദിസ് ഗേൾ ഈസ് ഇൻ ട്രബിൾ’; ചിരി നിറച്ച് ‘സൂപ്പർ ശരണ്യ’, ശ്രദ്ധനേടി സ്നീക്ക് പീക്ക് വിഡിയോ

January 10, 2022

പ്രേക്ഷകരിലേക്കെത്തി മികച്ച അഭിപ്രായങ്ങൾ നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് സൂപ്പർ ശരണ്യ.. തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിലെ സ്നീക്ക് പീക്ക് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അനശ്വര രാജനും മമിതാ ബൈജുവുമാണ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. രസകരമായ തമാശകൾ നിറച്ചൊരു രംഗമാണ് പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നത്.

ചിത്രത്തിൽ അർജുൻ അശോകൻ, നസ്ലിൻ, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം എന്നിവരും അഭിനയിക്കുന്നുണ്ട്. സംവിധായകൻ ഗിരീഷ് തന്നെയാണ് സിനിമയ്ക്ക് രചനയും നിർവഹിക്കുന്നത്. ചിത്രം നിർമിക്കുന്നത് ഷെബിന്‍ ബെക്കറി, ഗിരീഷ് എ ഡി എന്നിവർ ചേർന്നാണ്. ചിത്രത്തിലേതായി പുറത്തുവന്ന ഗാനങ്ങളും പ്രേക്ഷക പ്രീതി നേടിയിരുന്നു.

അതേസമയം കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ കൊച്ചു ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. ചിത്രം 50 കോടി ക്ലബ്ബിലും ഇടംനേടിയിരുന്നു. അതേ ടീം വീണ്ടും ഒന്നിച്ച സൂപ്പർ ശരണ്യക്കും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തെയും ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സിനിമ പ്രേമികൾ.

Read also: ‘അന്ന് അച്ഛനോളം..ഇന്ന് അമ്മയോളം’- സ്നേഹം നിറയും ചിത്രവുമായി ഗിന്നസ് പക്രു

സ്കൂൾ കുട്ടികളുടെ രസകരമായ സൗഹൃദവും സ്നേഹവും പങ്കുവയ്ക്കുന്ന ചിത്രമായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ, ഈ ടീം വീണ്ടും ഒന്നിച്ചപ്പോൾ രസകരമായ കോളജ് കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം എത്തുന്നത്. പ്രണയവും സൗഹൃദവും തന്നെയാണ് ചിത്രവും കൈകാര്യം ചെയ്യുന്നത്.

Story highlights; Super Sharanya – Sneak Peek