അസഹനീയമായ കഴുത്ത് വേദന ചിലപ്പോൾ ടെക്സ്റ്റ് നെക് സിൻഡ്രോമിന്റെ കാരണമാകാം…
ഇന്റർനെറ്റും ഫോണുമില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത തലമുറയാണ് ഇന്നത്തേത്. രാവിലെ എഴുന്നേൽക്കുന്നത് മുതൽ ഉറങ്ങുന്നതുവരെ നമ്മുടെ കൈകളിൽ എപ്പോഴും മൊബൈൽ ഉണ്ടാകും. ആഗ്രഹിക്കുന്നതൊക്കെ വിരൽത്തുമ്പിൽ അനായാസം എത്തിക്കാൻ സാധിക്കുന്നുവെന്നതാണ് മൊബൈൽ ഫോണിനെ ഇത്രമേൽ സ്വീകാര്യമാക്കുന്നതും.
എന്നാൽ അമിതമായി ഫോൺ ഉപയോഗിക്കുന്ന ഇന്നത്തെ തലമുറയിൽ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് ‘ടെക്സ്റ്റ് നെക് സിൻഡ്രോം. മൊബൈലിന്റെ അമിതമായ ഉപയോഗവും ഒരുപരിധിവരെ ഈ അസുഖത്തെ വിളിച്ചുവരുത്താറുണ്ട്. കഴുത്തും തലയും കൂനി പോകുന്ന അവസ്ഥയാണ് ‘ടെക്സ്റ്റ് നെക് സിൻഡ്രോം’. എഴുത്തും വായനയും മെസേജ് അയയ്ക്കലും ഇരുന്നുള്ള ജോലികളും മൂലം കഴുത്തിലും പുറത്തും ഉണ്ടാകുന്ന പ്രശ്നങ്ങളും ടെക്സ്റ്റ് നെക് സിൻഡ്രോം മൂലമാണ്.
സ്ഥിരമായി വാഹനം ഓടിക്കുന്നവരിലും കൂടുതൽ സമയം കംപ്യൂട്ടറിന് മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നവരിലും അമിതമായി മൊബൈൽ ഉപയോഗിക്കുന്നവരിലും ഈ അവസ്ഥ കാണാറുണ്ട്. ടെക്സ്റ്റ് നെക് സിൻഡ്രോം ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒന്നാണ്. എന്നാൽ കൂടുതലും ഈ രോഗം കാണുന്നത് യുവതലമുറയിലെ ആളുകളിലാണ്. മിക്കപ്പോഴും ഫോൺ അമിതമായി ഉപയോഗിക്കുന്നതും ഈ രോഗത്തിന് കാരണമാകുന്നു.
അതേസമയം ഈ രോഗത്തിന്റെ തുടക്കകാലത്ത് വേദന പൊതുവെ ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ ഇതിനെ കാര്യമായി ആരും കണക്കാക്കാറുമില്ല. എന്നാൽ ഈ രോഗം തുടക്കത്തിൽ തന്നെ കണ്ട് പരിഹരിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്, അല്ലാത്ത പക്ഷം ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അപകടകരമായ രീതിയിൽ ഈ രോഗം മൂർച്ഛിച്ചാൽ അസഹനീയമായ കഴുത്ത് വേദന ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.