സിദ്ധാർഥ് ആയി ഷെയ്ൻ നിഗം; വെയിൽ ട്രെയ്‌ലർ പങ്കുവെച്ച് മമ്മൂട്ടി

January 26, 2022

കുറഞ്ഞ കാലയളവിനുള്ളില്‍ മികവുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് ഷെയ്ൻ നിഗം. താരം പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് വെയിൽ. ചിത്രീകരണ വേളയിൽ തന്നെ വാർത്തകളിൽ ഇടം നേടിയ ചിത്രമാണ് ‘വെയിൽ. പാതിവഴിയിൽ ചിത്രീകരണം മുടങ്ങിയ സിനിമ ഏറെ ചർച്ചൾക്ക് ശേഷമാണ് വീണ്ടും ചിത്രീകരണം തുടർന്നത്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ്. ചലച്ചിത്രതാരം മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ട്രെയ്‌ലർ പങ്കുവെച്ചത്. ജനുവരി 28 മുതലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെയിൽ. ഈമയൗ, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങൾക്ക് അസിസ്റ്റന്റായി പ്രവർത്തിച്ച താരമാണ് ശരത് മേനോൻ. ചിത്രത്തിൽ ഷെയ്ൻ നിഗത്തിനൊപ്പം ഷൈൻ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ സിദ്ധാർഥ് എന്ന കഥാപാത്രത്തെയാണ് ഷെയ്ൻ അവതരിപ്പിക്കുന്നത്. ഒരു അമ്മയും രണ്ട് ആൺമക്കളുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇവർ കടന്നുപോകേണ്ടിവരുന്ന ചില പ്രതിസന്ധിഘട്ടങ്ങളെയാണ് ചിത്രത്തിൽ പറയുന്നത്.

Read also; കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് വർധിപ്പിച്ച വാഹനവും ഡ്രൈവറും; സോഷ്യൽ ഇടങ്ങളിൽ പ്രചരിച്ച വിഡിയോയ്ക്ക് പിന്നിൽ ഇങ്ങനെയും ചിലതുണ്ട്…

‘കിസ്മത്ത്’ എന്ന ചിത്രത്തിലൂടെ നായകനായി എത്തിയതാണ് ഷെയ്ൻ നിഗം. അനുരാഗ് മനോഹർ സംവിധാനം നിർവഹിച്ച ‘ഇഷ്‌കി’ലും ഷെയ്ൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കുമ്പളങ്ങി നൈറ്റ്സിലും ശ്രദ്ധേയ കഥാപാത്രമാണ് ഷെയ്ൻ അവതരിപ്പിച്ചത്. അതേസമയം, ഷെയ്ൻ നിഗത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ‘ഡാനിയേൽ കേൾക്കുന്നുണ്ട്’, ‘ഉല്ലാസം’, ‘വലിയ പെരുന്നാൾ’ എന്നിവ. താരത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയത് ഭൂതകാലമാണ്.

Story highlights: Veyil Malayalam Movie Final Trailer