33 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ അമ്മയും മകനും; സൈബർ ഇടങ്ങളുടെ ഹൃദയം കീഴടക്കിയ വിഡിയോ

January 3, 2022

33 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ അമ്മയും മകനും… തലവാചകം വായിക്കുമ്പോൾ ഇതൊരു സിനിമാക്കഥയായിരിക്കുമോ എന്ന് ചിന്തിക്കുന്നവർക്ക്.. സിനിമാക്കഥയെ വെല്ലുന്ന ജീവിതകഥയാണ് ഈ അമ്മയുടെയും മകന്റെയും.

നാലാം വയസിലാണ് ലി ജിംഗ്വായെ കാണാതാവുന്നത്. കളിപ്പാട്ടം നൽകാം എന്ന വ്യാജേന ഗ്രാമത്തിൽ എത്തിയ ഒരാളാണ് ലിയെ തട്ടിക്കൊണ്ടുപോകുന്നത്. തുടർന്ന് ലിയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ കുടുംബം നടത്തിയെങ്കിലും അത് വിഫലമാകുകയായിരുന്നു. ഇപ്പോഴിതാ 33 വർഷങ്ങൾക്ക് ശേഷം ലിയുടെ 37 ആം വയസിലാണ് സ്വന്തം കുടുംബത്തെ അദ്ദേഹം കണ്ടെത്തുന്നത്. അടുത്തിടെ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ട ’24 വർഷങ്ങൾക്ക് ശേഷം സ്വന്തം മകനെ കണ്ടെത്തിയ പിതാവിനെപ്പറ്റിയുള്ള’ ഒരു വാർത്തയാണ് സ്വന്തം കുടുംബത്തെ കണ്ടെത്താൻ ലീയ്ക്ക് പ്രചോദനം ആയത്.

അതേസമയം ചെറുപ്പത്തിൽ തന്നെ ഒരാൾ തട്ടികൊണ്ട് പോയതായും അയാൾ മറ്റൊരാൾക്ക് കാശിന് തന്നെ വിറ്റതായും ലീയ്ക്ക് ഓർമയുണ്ട്. അന്ന് മുതൽ സ്വന്തം ഗ്രാമത്തിന്റെയും വീടിന്റെയും ചിത്രങ്ങൾ ലീ ഇടയ്ക്കിടെ വരയ്ക്കുമായിരുന്നു.

Read also; ‘കൊണ്ടോരാം കൊണ്ടോരാം…’ പാട്ട് വേദിയുടെ ഹൃദയം കവർന്ന് എം ജെയും മേഘ്‌നക്കുട്ടിയും, വിഡിയോ

അതേസമയം ലീയെ ദത്തെടുത്ത കുടുംബം ലീയ്ക്ക് നല്ല വിദ്യാഭ്യാസം നൽകി. വിവാഹവും കഴിപ്പിച്ചു. എങ്കിലും എന്നെങ്കിലും ഒരിക്കൽ തന്റെ കുടുംബത്തെ കണ്ടെത്തണം എന്ന ചിന്ത ലീയിൽ ഉണ്ടായിരുന്നു. അങ്ങനെ പൊലീസിന്റെ സഹായത്തോടെ വർഷങ്ങൾക്ക് ശേഷം ലീ തന്റെ സ്വന്തം കുടുംബത്തെ കണ്ടെത്തി.

പഴയ ഓർമ്മകൾ വെച്ച് സ്വന്തം ഗ്രാമത്തിന്റെ രൂപരേഖ ലീ തയാറാക്കി. പിന്നീട് പൊലീസുകാരുടെ സഹായത്തോടെ ചൈനയിലെ തെക്ക് പടിഞ്ഞാറുള്ള ഒരു ഗ്രാമവുമായി ഈ പ്രദേശത്തിന് സാമ്യമുണ്ടെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സ്വന്തം കുടുംബത്തെ ലീ കണ്ടെത്തിയത്. ഈ വർഷം ജനുവരി ഒന്നിനാണ് ലീ സ്വന്തം അമ്മയെ കണ്ടുമുട്ടിയത്. ഇരുവരും തമ്മിൽ കാണുന്നതിന്റെ വികാരനിർഭരമായ ദൃശ്യങ്ങൾ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ വൈറലാകുന്നുണ്ട്.

Story highlights: Video of man meets his mother after 33-years