‘അപ്പു അനുഭവങ്ങളിലൂടെ വളർന്ന നടൻ’; ‘ഹൃദയ’ത്തിലെ പ്രണവ് മോഹൻലാലിനെ പറ്റി വിനീത് ശ്രീനിവാസൻ

January 22, 2022

പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന ഏറ്റവും പുതിയ മലയാള സിനിമയാണ് ‘ഹൃദയം’. കൊവിഡിന്റെ പശ്ചാലത്തിൽ കൂടുതൽ നിയന്ത്രണങ്ങളും സൺ‌ഡേ ലോക്‌ഡൗണും വന്ന സാഹചര്യത്തിൽ ഹൃദയത്തിന്റെ റിലീസ് മാറ്റി വയ്ക്കുമോയെന്ന പ്രേക്ഷകരുടെയും തീയേറ്റർ ഉടമകളുടെയും ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ടാണ് ചിത്രം വെള്ളിയാഴ്ച പ്രദർശനത്തിനെത്തിയത്. ആദ്യ ഷോ മുതൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്ത് നിന്ന് ‘ഹൃദയ’ത്തിന് ലഭിക്കുന്നത്.

പ്രണവ് മോഹൻലാലിൻറെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഒരു സവിശേഷതയായി പ്രേക്ഷകർ എടുത്ത് പറയുന്നത്. ഇത് വരെ കാണാത്ത ഒരു പ്രണവിനെയാണ് ‘ഹൃദയ’ത്തിൽ കണ്ടതെന്ന് പ്രേക്ഷകരും നിരൂപകരും ഒരേ പോലെ അഭിപ്രായപ്പെടുന്നു. ഇപ്പോൾ പ്രണവിലെ നടനെ പറ്റി ചിത്രത്തിന്റെ സംവിധായകനായ വിനീത് ശ്രീനിവാസന്റെ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. 3 സിനിമകളുടെ അനുഭവങ്ങളുമായി, വിജയ പരാജയങ്ങൾ അറിഞ്ഞതിന് ശേഷമാണ് പ്രണവ് ‘ഹൃദയ’ത്തിലേക്കെത്തുന്നതെന്നും അത് ഒരു നടനെന്ന നിലയിൽ അവനെ പരുവപ്പെടുത്തിയിട്ടുണ്ടെന്നും വിനീത് പറയുന്നു.

“അപ്പുവിന്റെ കാര്യത്തിൽ എനിക്കുണ്ടായിട്ടുള്ള ഏറ്റവും വലിയൊരു അഡ്വാൻറ്റേജ് എന്തായിരുന്നുവെന്ന് വെച്ചാൽ 3 ഡയറക്ടേഴ്സിന്റെ കൂടെ 3 പടം ചെയ്ത എക്സ്പീരിയൻസുള്ള സ്റ്റേജിലാണ് അപ്പു ഹൃദയത്തിലേക്കെത്തുന്നത്. ആക്‌ടേർസ് വളരുന്നത് എക്സ്പീരിയൻസിലൂടെ തന്നെയാണ്. ആ അനുഭവങ്ങളോടൊപ്പം വിജയവും പരാജയവും കണ്ട് പരുവപ്പെടുക എന്നൊരു സ്റ്റേജിലേക്കെത്തും. അങ്ങനെ ഒരു സ്റ്റേജിൽ ഈ സിനിമയിലേക്ക് അവനെ കിട്ടിയതാണ് എനിക്ക് കിട്ടിയിട്ടുള്ള ഒരു ഗുണം. അഭിനയിക്കുന്ന സമയത്ത് എനിക്ക് അപ്പുവിന്റെ കൂടെ അധികം റീടേക് പോവേണ്ടി വന്നിട്ടില്ല. ഞങ്ങൾക്ക് വർക്ക് ചെയ്യേണ്ടി വന്നത് കൂടുതലും ഡബ്ബിങ് സമയത്താണ്.” വിനീത് ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.

Read More: പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ടിൽ ബ്രോ ഡാഡി, ജനുവരി 26 മുതൽ; ശ്രദ്ധനേടി വിഡിയോ

പ്രണവ് മോഹൻലാലിനെ കൂടാതെ ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ, അജു വർഗ്ഗീസ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ഹിഷാം അബ്ദുൽ വഹാബാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.

Story Highlights: Vineeth Sreenivasan on Pranav Mohanlal’s acting