ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അവയവദാന നടപടി; ഏഴ് പേർക്ക് പുതുജീവൻ നൽകി വിനോദ് യാത്രയായി…
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അവയവദാന നടപടിയ്ക്ക് സാക്ഷ്യം വഹിച്ച് കേരളം. ഇതിനുമുമ്പും അവയവദാനം നടന്നിട്ടുണ്ടെങ്കിലും ഒരാളിൽ നിന്ന് എട്ട് അവയവങ്ങൾ ദാനം ചെയ്യുന്നത് ഇതാദ്യമായാണ്. അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി വിനോദിൽ നിന്ന് സ്വീകരിച്ച എട്ട് അവയവങ്ങൾ ഏഴ് പേർക്കാണ് പുതു ജീവൻ നൽകുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെച്ചാണ് ഇതിനായുള്ള നടപടികൾ നടക്കുന്നത്.
കൊല്ലം കിളികൊല്ലൂർ സ്വദേശിയായ വിനോദിന് ഡിസംബർ 30 നാണ് കൊല്ലത്ത് കല്ലും താഴത്തിനും ബെപ്പാസിനും ഇടയ്ക്ക് വെച്ച് അപകടം സംഭവിക്കുന്നത്. 54 വയസായിരുന്നു വിനോദിന്റെ പ്രായം. വിനോദിന്റെ ഇരുചക്രവാഹനം സ്വകാര്യബസിന് പുറകിൽ ഇടിച്ച് തലയ്ക്ക് മാരകമായി പരിക്കേറ്റ വിനോദിന് ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
വിനോദിന്റെ ഹൃദയം ചെന്നൈ എംജിഎം ആശുപത്രിയിലേക്കും വൃക്ക ഒന്ന് കിംസിലേക്കുമാണ് കൈമാറുക. മറ്റൊന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ തന്നെ ഉപയോഗിക്കും. കൈകൾ രണ്ടും ( ഷോൾഡർ മുതൽ) എറണാകുളം അമൃതയിലേക്ക് കൊണ്ടുപോകും. കണ്ണുകൾ ( കോർണിയ) (രണ്ടും ) തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കാണ് നൽകിയത്. കരൾ കിംസിലേക്കും കൈമാറി.
Story highlights- Vinod organ donation thiruvananthapuram medical college