‘ബാഗ് ചുമപ്പിച്ച് എന്നെ മല കയറ്റി ഈ മാഡം, അന്ന് തുടങ്ങിയ സൗഹൃദം’; കല്യാണി പ്രിയദർശനെ കുറിച്ച് വിശാഖ്
തിയേറ്ററുകളെ ഇളക്കി മറിച്ച് വിജയകരമായി പ്രദർശനം തുടരുന്ന വിനീത് ശ്രീനിവാസൻ ചിത്രമാണ് ‘ഹൃദയം.’ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധായകൻ വിനീത് ശ്രീനിവാസന്റേതാണ്. മെരിലാന്‍ഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് മെരിലാന്‍ഡ് സിനിമാസിന്റെ ബാനറിൽ ഒരു ചിത്രം പുറത്ത് വരുന്നത്. ചിത്രത്തിലെ അഭിനേതാക്കളുമായുള്ള സൗഹൃദത്തെപ്പറ്റി വിശാഖ് ഇതിന് മുൻപും പലയിടത്തും സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ ചിത്രത്തിലെ നായികയായ കല്യാണി പ്രിയദർശനുമായുള്ള സൗഹൃദത്തെ പറ്റി വിശാഖ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാവുന്നത്.
ഷൂട്ടിന്റെ ആദ്യ ദിവസം നടന്ന രസകരമായ ഒരു സംഭവമാണ് വിശാഖ് പങ്കുവെച്ചത്. ഒരു പാട്ട് ചിത്രീകരണത്തിനായി മൂന്നാറിലെത്തിയ കല്യാണി എത്തിയ ഉടൻ ബാഗുകൾ വിശാഖിന് കൊടുത്തുവെന്നും ഈ ബാഗുകളും ചുമന്ന് കൊണ്ടാണ് താൻ മല കയറിയതെന്നും വിശാഖ് പറയുന്നു. ‘കിലുക്കം’ സിനിമയിൽ നടി രേവതിയുടെ കഥാപാത്രത്തിന്റെ ബാഗുകൾ ചുമന്ന മോഹൻലാലിൻറെ ജോജിയുടെ അവസ്ഥയായിരുന്നു തനിക്കെന്നും കല്യാണിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിശാഖ് കുറിച്ചു.
“ഷൂട്ടിന്റെ ആദ്യ ദിവസം. ചെറിയൊരു സോങ് കട്ടിനായി ഞങ്ങൾ പുറപ്പെട്ടു. ലിമിറ്റഡ് ക്രൂ മതിയെന്ന് വിനീത്, സസന്തോഷം ഞാൻ അത് സമ്മതിച്ചു. ഫോട്ടോയിലെ ഈ മാഡത്തിനും സമ്മതം. പക്ഷെ നിങ്ങൾ കൂടെ നിന്ന് സഹായിക്കണം എന്നായിരുന്നു ആവശ്യം. എനിക്കും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിത്താരയ്ക്കും ഡബിൾ ഓക്കേ. ഷൂട്ടിനായി രണ്ട് വർഷം മുമ്പ് ഇതേ ദിവസം മൂന്നാറിൽ എത്തിയ ഉടനെ എന്റെ തോളത്തേക്ക് ബാഗുകൾ അൺലോഡ് ചെയ്തു ഈ മാഡം. ബാഗുകളും ചുമന്ന് മല കയറി ഞാനൊരു പരുവമായി. ചുരുക്കി പറഞ്ഞാൽ പ്രിയൻ അങ്കിളിൻ്റെ ‘കിലുക്കത്തിൽ’ രേവതി മാമിന്റെ പെട്ടികളും ചുമന്ന് മല കയറി പരുവമായ ജോജിയുടെ (ലാൽ ചേട്ടൻ) അവസ്ഥ. ഈ മാഡവുമായി അന്ന് തുടങ്ങിയ സൗഹൃദമാണ്. ഇന്നും കട്ട കമ്പനിയായി അത് തുടരുന്നു”- വിശാഖ് കുറിപ്പിൽ പറയുന്നു.
Read More: ‘ഒരു മില്യൺ ഡോളർ ചിത്രം’; പ്രിയദർശനൊപ്പം ദിവ്യ പകർത്തിയ ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസൻ
കൊവിഡിന്റെ പശ്ചാലത്തിൽ കൂടുതൽ നിയന്ത്രണങ്ങളും സൺഡേ ലോക്‌ഡൗണും വന്ന സാഹചര്യത്തിൽ ഹൃദയത്തിന്റെ റിലീസ് മാറ്റി വയ്ക്കുമോയെന്ന പ്രേക്ഷകരുടെയും തിയേറ്റർ ഉടമകളുടെയും ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ടാണ് ചിത്രം കഴിഞ്ഞ വെള്ളിയാഴ്ച പ്രദർശനത്തിനെത്തിയത്. ഹെഷാം അബ്ദുൽ വഹാബാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.
Story Highlights: Vishakh Subramaniam shares a pic with Kalyani Priyadarshan