ആക്രിക്കടയിൽ നിന്നും 500 രൂപയ്ക്ക് വാങ്ങിയ മരക്കസേര; ലേലത്തിൽ വിറ്റത് 16 ലക്ഷം രൂപയ്ക്ക്..
ചില വസ്തുക്കൾക്ക് കാലമേറുമ്പോൾ മൂല്യമേറും എന്ന് പറയാറുണ്ട്. എന്നാൽ വെറും 500 രൂപയ്ക്ക് ആക്രിക്കടയിൽ നിന്നും വാങ്ങിയ സാധനത്തിന് ലക്ഷങ്ങൾ വിലവരുമെന്നു ആരെങ്കിലും ചിന്തിക്കുമോ? തീർച്ചയായും ഇല്ല. എങ്കിൽ ഒരു ആക്രിക്കടയിൽ നിന്നും (500 രൂപയ്ക്ക് വാങ്ങിയ മരക്കസേര വിറ്റുപോയത് 16.4 ലക്ഷം രൂപയ്ക്കാണ്.
യുകെയിലെ ഈസ്റ്റ് സസെക്സിലെ ബ്രൈറ്റണിലെ ഒരു കടയിൽ നിന്നാണ് യുവതി കസേര വാങ്ങിയത്.എന്നാൽ അതിന് അത്രയും വിലയേറിയ ഡിസൈൻ ഉണ്ടെന്ന് അന്നവർക്ക് അറിയില്ലായിരുന്നു. ഒരു പുരാവസ്തു ഗവേഷകനുമായ ബന്ധപ്പെട്ടപ്പോളാണ് കസേര ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഓസ്ട്രിയയിലെ വിയന്നയിലുള്ള അവന്റ്-ഗാർഡ് ആർട്ട് സ്കൂളിൽ നിന്നുള്ളതാണെന്ന് കണ്ടെത്തിയത്.
1902-ൽ പ്രശസ്ത ഓസ്ട്രിയൻ ചിത്രകാരൻ കൊളോമാൻ മോസർ ആണ് ഈ കസേര രൂപകൽപ്പന ചെയ്തത്. പരമ്പരാഗത കലാപരമായ ശൈലികൾ നിരസിച്ച വിയന്ന സെസെഷൻ പ്രസ്ഥാനത്തിലെ കലാകാരനായിരുന്നു മോസർ.
18-ാം നൂറ്റാണ്ടിലെ പരമ്പരാഗത ഗോവണി-പിന്നൽ കസേരയുടെ ആധുനികരൂപമാണ് ഈ കസേര. ഇരിപ്പിടത്തിലും കസേരയുടെ പിൻഭാഗത്തും ഉള്ള വെബ്ബിങ്ങിന്റെ ചെക്കർബോർഡ് പോലെയുള്ള ഗ്രിഡാണ് പ്രധാന അലങ്കാര ഘടകം.പിന്നീട് ലേലത്തിൽ ഈ കസേര വിൽപ്പനയ്ക്കുണ്ടായിരുന്നു.ഒരു ഓസ്ട്രിയൻ വംശജൻ 16.4 ലക്ഷം രൂപയ്ക്ക് കസേര വാങ്ങുകയായിരുന്നു.
Story highlights- Wooden chair bought for just Rs 500 from junk shop sells for Rs 16 lakh