60- ആം വയസിൽ മോഡലായി മമ്മിക്ക, ഇത് ജീവിതം മാറ്റിമറിച്ച മേക്കോവറിന്റെ കഥ
നിനച്ചിരിക്കാത്ത നേരത്ത് പലരേയും തേടിയെത്തുന്ന ഭാഗ്യത്തിന്റെ കഥകൾ നാം കേൾക്കാറുണ്ട്. ഇപ്പോഴിതാ കൂലിപ്പണിക്കാരനായ മമ്മിക്കയെ അറുപതാം വയസിൽ തേടിയെത്തിയ ആ ഭാഗ്യമാണ് സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. കോഴിക്കോട് വെണ്ണക്കാട് സ്വദേശിയായ മമ്മിക്ക, കഴിഞ്ഞ ദിവസം പതിവുപോലെ ജോലി കഴിഞ്ഞ് അതേ വസ്ത്രത്തിൽ തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് മമ്മിക്കയെത്തേടി ആ ഭാഗ്യമെത്തുന്നത്. അതുവരെ മമ്മിക്കയെ മുഷിഞ്ഞ വസ്ത്രത്തിൽ കണ്ടിരുന്ന നാട്ടുകാർക്കും അതൊരു അത്ഭുതമായിരുന്നു. കാരണം ഇപ്പോൾ മമ്മിക്ക അവർക്കിടയിൽ വെറും മമ്മിക്കയല്ല, മോഡൽ മമ്മിക്കയാണ്.
അന്ന് വരെ വെണ്ണക്കാരുടെ മനസ്സിൽ ഉണ്ടായിരുന്ന കൈയിൽ പണിസാധനങ്ങളുമായി വരുന്ന കൂലിപ്പണിക്കാരനായ സാധാരണക്കാരന്റെ രൂപമല്ല ഇന്നവരുടെ മനസ്സിൽ മമ്മിക്കയെക്കുറിച്ചുള്ളത്. കോട്ടും സ്യൂട്ടുമണിഞ്ഞ് കൈയിൽ ഐപാഡും പിടിച്ച് കൂളിംഗ് ഗ്ലാസും ധരിച്ച് വലിയ ഗെറ്റപ്പിൽ ഇരിക്കുന്ന അദ്ദേഹത്തിന്റെ രൂപമാണ്. ഫോട്ടോഗ്രാഫർ ഷരീക്ക് വയലിൽ ആണ് ഈ മേക്കോവറിന് പിന്നിൽ. അതേസമയം ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യത്തിനായാണ് മമ്മിക്കയെ ഷരീക്കും കൂട്ടരും തേടിയെത്തിയത്.
നേരത്തെ മമ്മിക്കയുടെ ഒരു ചിത്രമെടുത്ത് ഷരീക്ക് സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചിരുന്നു. മികച്ച സ്വീകാര്യത നേടിയ ചിത്രം ഏതോ സിനിമാതാരത്തെ പോലെയുണ്ടെന്നായിരുന്നു അന്ന് ഷരീക്കിന്റെ ചിത്രങ്ങൾക്ക് ലഭിച്ച കമന്റ്. ഇതാണ് പിന്നീട് തന്റെ വെഡിങ് സ്യൂട്ട് സ്ഥാപനത്തിന് അദ്ദേഹത്തിന്റെ ചിത്രം തന്നെ മോഡലായി നൽകാൻ ഷരീക്ക് തീരുമാനിച്ചതിന് പിന്നിലും.
അതേസമയം അറുപത് വയസുകാരനായ മമ്മിക്കയ്ക്കും ഇത് പുതിയൊരു അനുഭവം തന്നെയായിരുന്നു. അതുവരെ വീടും ജോലിയുമൊക്കെയായി കഴിഞ്ഞിരുന്ന അദ്ദേഹം പെട്ടന്നൊരു ദിവസമാണ് ആ നാടിൻറെ മുഴുവൻ മോഡലായി മാറിയത്. ബ്യൂട്ടീഷ്യൻ മജ്നാസ് ആരാമ്പ്രയാണ് അദ്ദേഹത്തിന്റെ ഈ മമ്മിക്കയുടെ ഈ പുതിയ ലുക്കിന് പിന്നിൽ.
Story highlights: 60 year old man makeover photoshoot