“അദ്ദേഹത്തിന് മോഹൻലാലിനെ ഇഷ്ടമാണ്, അങ്ങനെ ചിത്രത്തിലേക്കെത്തി”; ആറാട്ടിലെ ഏ.ആർ.റഹ്മാന്റെ സാന്നിധ്യത്തെ പറ്റി ബി.ഉണ്ണികൃഷ്ണൻ

February 11, 2022

ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മാസ്സ് ആക്ഷൻ മോഹൻലാൽ ചിത്രമാണ് ‘ആറാട്ട്.’ വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മലയാളത്തിലെ എക്കാലത്തെയും വലിയ വാണിജ്യ വിജയം നേടിയിട്ടുള്ള ചിത്രങ്ങളുടെ രചന നിർവഹിച്ചിട്ടുള്ള ഉദയകൃഷ്ണയാണ്. ‘മരക്കാറിന്’ ശേഷം തിയേറ്ററുകളിലെത്തുന്ന മോഹൻലാൽ ചിത്രമെന്ന പ്രത്യേകത കൂടിയുള്ള ‘ആറാട്ടിന്റെ’ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നുമുണ്ടായത്. ഇപ്പോൾ ചിത്രത്തിലേക്ക് ഏ.ആർ.റഹ്മാൻ എത്തിയതിനെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ.

ഒരു അതിഥി താരമായാണ് ഏ.ആർ.റഹ്മാൻ ആറാട്ടിലേക്കെത്തുന്നത്. മോഹന്‍ലാലിനോടും മലയാള സിനിമയോടുമുള്ള ഇഷ്ടം കാരണമാണ് ആറാട്ട് എന്ന സിനിമയുടെ ഭാഗമാകാന്‍ റഹ്മാന്‍ തയ്യാറായതെന്ന് ബി.ഉണ്ണികൃഷ്ണന്‍ പറയുന്നു. ഏ.ആർ. റഹ്മാനിലേക്കെത്താൻ തങ്ങളെ സഹായിച്ചത് നടൻ റഹ്മാനാണെന്നും ബി.ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു. ഏ.ആർ.റഹ്മാന്റെ ബന്ധു കൂടിയായ നടൻ റഹ്മാൻ വഴിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും അദ്ദേഹത്തിലേക്ക് എത്തിക്കുന്നതെന്നും ബി.ഉണ്ണികൃഷ്ണൻ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“ഏ.ആർ.റഹ്മാനെ കൊണ്ട് വരുക എന്നതും ഒരിക്കലും സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. പക്ഷെ അത് കഥയില്‍ വളരെ പ്രധാനപ്പെട്ട ഒരു എലമെന്റ് കൂടിയാണ്. ഉദയകൃഷ്ണ അങ്ങനെ ഒരു കാര്യം പറഞ്ഞപ്പോള്‍ അത് സാധ്യമാകുമോ, അദ്ദേഹം വരുമോ എന്നൊരു സംശയം ഉണ്ടായിരുന്നു. അതില്‍ ഞങ്ങളെ സഹായിച്ചത് നടന്‍ റഹ്മാനാണ്. അദ്ദേഹം ഏ.ആർ.റഹ്മാന്റെ വളരെ അടുത്ത ബന്ധുവാണല്ലോ. നടന്‍ റഹ്മാനാണ് എന്റെ കയ്യില്‍ നിന്നും സിനിമയുടെ സ്‌ക്രീന്‍ പ്ലേയും സിനോപ്‌സിസും വാങ്ങിച്ച് ഏ.ആർ.റഹ്മാന് കൊടുക്കുന്നത്. പിന്നെ ഏ.ആർ.റഹ്മാന്‍ ഒരു വീഡിയോ മീറ്റില്‍ എന്റെ അടുത്ത് വന്നു. അങ്ങനെ ഞാന്‍ അദ്ദേഹത്തോട് കഥ പറഞ്ഞു. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് മലയാള സിനിമയെയും പ്രത്യേകിച്ച് മോഹന്‍ലാലിനെയും വളരെ ഇഷ്ടമാണെന്നാണ്. പ്രത്യേകിച്ച് മോഹന്‍ലാല്‍ അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ട വ്യക്തിയാണെന്ന് പറഞ്ഞു. അതുകൊണ്ട് ഇത് ചെയ്യാമെന്ന് പറയുകയായിരുന്നു.” -ബി.ഉണ്ണികൃഷ്ണൻ അഭിമുഖത്തിൽ വ്യക്തമാക്കി.

Read More: ‘ഈ കക്ഷി ആരാ?..’- ത്രില്ലടിപ്പിച്ച് ‘ആറാട്ട്’ ട്രെയ്‌ലർ

ഫെബ്രുവരി 18 നാണ് ‘ആറാട്ട്’ റിലീസ് ചെയ്യുന്നത്. ‘വില്ലൻ’ എന്ന ചിത്രത്തിന് ശേഷം ബി.ഉണ്ണിക്കൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിനായി വലിയ ആവേശത്തോടെയാണ് മോഹൻലാൽ ആരാധകരും മലയാളി പ്രേക്ഷകരും കാത്തിരിക്കുന്നത്. തിയേറ്ററുകളെ ഇളക്കിമറിക്കാൻ ‘ആറാട്ടിന്’ കഴിയുമെന്നാണ് തിയേറ്റർ ഉടമകളും സിനിമാലോകവും ഒരേ പോലെ പ്രതീക്ഷിക്കുന്നത്.

Story Highlights: A.R.Rahman in ‘Aaraattu’