ആറാട്ടിൽ ഇളകി മറിഞ്ഞ് കേരളക്കര; തിയേറ്ററുകൾ ഉത്സവപ്പറമ്പാക്കി പ്രേക്ഷകർ
കാത്തിരിപ്പിന് ശേഷം ഒടുവിൽ മോഹൻലാൽ- ബി. ഉണ്ണികൃഷ്ണൻ ചിത്രം ‘ആറാട്ട്’ തിയേറ്ററുകളിലെത്തിയപ്പോൾ വമ്പൻ വരവേൽപ്പുമായി ആരാധകർ. കേരളത്തിലുടനീളം പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടിയാണ് ചിത്രം പ്രദർശനം തുടരുന്നത്. ആരാധകർ കാണാൻ ആഗ്രഹിച്ച മോഹൻലാലിനെ സമ്മാനിക്കാൻ സിനിമയ്ക്ക് കഴിഞ്ഞുവെന്നാണ് പ്രേക്ഷകർ പറയുന്നത്. മോഹൻലാൽ ആരാധകരെ കോരിത്തരിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങളും ഡയലോഗുകളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
എട്ട് മണിയോടെയാണ് ചിത്രത്തിന്റെ ഫാൻസ് ഷോ ആരംഭിച്ചത്. വലിയ രീതിയിലുള്ള തിരക്കുകളായിരുന്നു തിയേറ്ററുകളിൽ രാവിലെ മുതൽ കാണാൻ സാധിച്ചത്. കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തിയും പാലഭിഷേകം നടത്തിയും ആരാധകര്‍ ‘ആറാട്ടി’ നെ വരവേറ്റു. പ്രതീക്ഷയോടെ കാത്തിരുന്ന ആരാധകരെ മോഹൻലാൽ ചിത്രം നിരാശപ്പെടുത്തിയില്ലെന്ന വിവരം ആദ്യ മണിക്കൂറിൽ തന്നെ പുറത്തുവന്നു. എന്തായാലും ഒരിടവേളക്ക് ശേഷമുള്ള മോഹൻലാലിന്റെ മാസ് പ്രകടനം ആഘോഷമാക്കുകയാണ് സിനിമാസ്വാദകരും ആരാധകരും.
ലോകമെമ്പാടുമുള്ള 2700 സ്‌ക്രീനുകളിലാണ് ആറാട്ട് പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ‘വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ആറാട്ട്. പുലിമുരുകന്‍ എന്ന വന്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിന് വേണ്ടി ഉദയകൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ആറാട്ട്.
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു.
Story Highlights: Aarattu gets huge response from theatres