കേരളക്കരയാകെ നെയ്യാറ്റിൻകര ഗോപന്റെ ‘ആറാട്ട്’; 500ൽ അധികം തിയേറ്ററുകളിൽ റിലീസ്

February 15, 2022

മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള സിനിമയാണ് ‘ആറാട്ട്.’ ഏറെ നാളുകൾക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന മോഹൻലാൽ ചിത്രമായ ആറാട്ടിനായി വലിയ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മലയാളി പ്രേക്ഷകരെയും മോഹൻലാൽ ആരാധകരെയും ഒരേപോലെ ആവേശം കൊള്ളിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ചിത്രം കേരളത്തിലാകെ 500 ൽ അധികം സ്‌ക്രീനുകളിലാണ് റിലീസിനൊരുങ്ങുന്നത്.

നേരത്തെ ആറാട്ടിന്റെ റിസർവേർഷൻ കേരളത്തിൽ ആരംഭിച്ചപ്പോൾ ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് എല്ലാ തിയേറ്ററുകളിൽ നിന്നും ലഭിച്ചിരുന്നത്.ഫെബ്രുവരി 18-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് മോഹൻലാൽ ആരാധകർ എന്നാണ് തിയേറ്ററുകളിലെ ആദ്യദിന റിസർവേഷൻ നില നൽകിയിരുന്ന സൂചന.

അതെ സമയം കഴിഞ്ഞ വ്യാഴാഴ്ച തന്നെ ആരംഭിച്ച ഫാൻസ്‌ ഷോ ടിക്കറ്റുകളുടെ ബുക്കിംഗ് നേരത്തെ തന്നെ പൂർത്തിയായിരുന്നു. 500 ഓളം ഫാൻസ്‌ ഷോകളാണ് കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുകയെന്ന് മോഹൻലാൽ ഫാൻസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി വിമൽകുമാര്‍ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. ഫെബ്രുവരി 18 ന് രാവിലെ എട്ട് മണിക്കാകും ആദ്യ ഫാൻസ്‌ ഷോ നടക്കുക.

Read More: തക തക മേളത്തിൽ തലയുടെ വിളയാട്ട്; വരവറിയിച്ച് ‘ആറാട്ട്’ തീം സോംഗ് എത്തി

നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു. ഒരു മുഴുനീള മാസ് എന്റർടെയ്നർ ചിത്രമായിരിക്കും ആറാട്ട് എന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നത്. വില്ലൻ എന്ന ചിത്രത്തിന് ശേഷം ബി.ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്.

സംഗീത സാമ്രാട്ട് ഏ.ആർ. റഹ്മാനും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്. ചിത്രത്തിന്റെ ടീസറും ട്രെയ്ലറുമെല്ലാം നേരത്തെ തന്നെ വലിയ തരം​ഗമായി മാറിയിരുന്നു.

Story Highlights: Aarattu will release in more than 500 screens