ഹൃദയം കവരുന്ന ആലാപന മികവ്; ‘ഗെഹരായിയാനി’ലെ ഗാനവുമായി അഹാന കൃഷ്ണ
ദീപിക പദുക്കോൺ, സിദ്ധാന്ത് ചതുർവേദി, അനന്യ പാണ്ഡെ എന്നിവർ പ്രധാന വേഷത്തിലെത്തിയ ഗെഹരായിയാൻ മികച്ച അഭിപ്രായം നേടുകയാണ്. സിനിമയുടെ പ്രമേയവും ഗാനങ്ങളുമെല്ലാം പ്രേക്ഷക ഹൃദയങ്ങൾ ഇതിനോടകം കീഴടക്കി. ഒരു ദുർഘടമായ പ്രണയകഥ പങ്കുവെച്ച ചിത്രത്തിലെ മനോഹരമായ ഒരു ഗാനം ആരാധകർക്കായി ആലപിക്കുകയാണ് നടി അഹാന കൃഷ്ണ.
‘ഗെഹരായിയാൻ..’ എന്ന ഗാനമാണ് നടി ആലപിച്ചിരിക്കുന്നത്. അഹാനയുടെ ആലാപനത്തിനു മികച്ച അഭിപ്രായങ്ങളുമായി ആരാധകരും സഹതാരങ്ങളുമെത്തി. അഭിനയത്തിന് പുറമെ നൃത്തത്തിലും പാട്ടിലുമെല്ലാം ഒരുപോലെ കഴിവ് തെളിയിച്ച നടിയാണ് അഹാന കൃഷ്ണ. യുകുലെലെയിൽ താളമിട്ടുകൊണ്ട് നിരവധി ഗാനങ്ങളാണ് അഹാന ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.
അതേസമയം, സിനിമയിൽ കൂടുതൽ സജീവമാകുകയാണ് അഹാന. നാൻസി റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഹാന സജീവമാകുകയാണ്. നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വൈറലായിരുന്നു. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്.
Read Also: സ്വർഗത്തിൽ ഇരുന്ന് അവൻ അമ്മയുടെ സന്തോഷവും സങ്കടവുമെല്ലാം കാണുന്നുണ്ടാകും; മകന്റെ ഓർമകളിൽ സബീറ്റ
അർജുൻ അശോകനും ലാലും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജു വർഗീസും ബേസിൽ ജോസഫും നാൻസി റാണിയിൽ വേഷമിടുന്നുണ്ട്. ലൂക്ക എന്ന ചിത്രത്തിലാണ് അഹാന ഏറ്റവുമൊടുവിൽ വേഷമിട്ടത്. ടൊവിനോ തോമസിന്റെ നായികയായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
Story highlights- ahaana krishna sings Gehraiyaan song