1976ൽ തിരുവനന്തപുരത്തുനിന്നും പറന്നു; 46 വർഷത്തെ വ്യോമ സേവനത്തിന് മാലിദ്വീപിൽ എയർ ഇന്ത്യക്ക് ലഭിച്ച സ്വീകരണം- വിഡിയോ

February 23, 2022

മാലിദ്വീപിലേക്ക് പറന്ന എയർ ഇന്ത്യ വിമാനമായ എഐ-267- ന് തിങ്കളാഴ്ച മാലി വിമാനത്താവളത്തിൽ ലഭിച്ച സ്വീകരണമാണ് ഇപ്പോൾ ആഘോഷമാകുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള 46 വർഷത്തെ വ്യോമ സേവനത്തിന്റെ സ്മരണയ്ക്കായി ജലപീരങ്കിയിലൂടെ സല്യൂട്ട് നൽകിയാണ് വിമാനത്തെ എയർപോർട്ടിൽ സ്വീകരിച്ചത്.

സ്വീകരണത്തിന്റെ ഒരു ചെറിയ ക്ലിപ്പ് എയർ ഇന്ത്യ ട്വിറ്ററിൽ പങ്കിട്ടു. 1976 ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നിന്ന് മാലിയിലേക്ക് എയർ ഇന്ത്യ ആദ്യ വിമാനം സർവീസ് നടത്തിയെന്ന് ആ ട്വീറ്റിൽ പറയുന്നു. ‘ Fly AI: AI-267 ഇന്ത്യയ്ക്കും മാലിദ്വീപിനും ഇടയിലുള്ള 46 വർഷത്തെ വിമാന സർവീസിന്റെ സ്മരണാർത്ഥം ഇന്ന് മാലി വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ ജലപീരങ്കി സല്യൂട്ട് നൽകി സ്വാഗതം ചെയ്തു. 1976 ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നിന്ന് മാലിയിലേക്ക് എയർ ഇന്ത്യ ആദ്യ വിമാന സർവീസ് നടത്തി.’ എയർ ഇന്ത്യ ട്വീറ്റ് ചെയ്തു.

45 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ എയർ ഇന്ത്യ വിമാനം റൺവേയിലൂടെ നീങ്ങുമ്പോൾ ഇരുവശത്തുനിന്നും രണ്ട് പീരങ്കികളിൽ നിന്ന് വെള്ളം പുറത്തേക്ക് ചീറ്റിക്കുന്നത് കാണാം. അതേസമയം, 69 വർഷത്തെ ദേശസാൽക്കരണത്തിന് ശേഷം ജനുവരിയിൽ എയർ ഇന്ത്യ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായി. കൊവിഡ് വ്യാപനസാഹചര്യത്തിൽ ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള എയർ ബബിൾ ക്രമീകരണം ഇപ്പോഴും തുടരുകയാണ്.

അതേസമയം, യൂനിസ് കൊടുങ്കാറ്റിനിടയിൽ എയർ ഇന്ത്യ വിമാനം അനായാസം യുകെയിൽ ലാൻഡ് ചെയ്യുന്ന ഒരു വിഡിയോ കഴിഞ്ഞ ദിവസം ശ്രദ്ധനേടിയിരുന്നു. റൺവേയിൽ ശക്തമായ കാറ്റ് വീശിയതിനാൽ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ വിമാനങ്ങൾ ലാൻഡ് ചെയ്യാൻ പ്രയാസപ്പെടുകയായിരുന്നു. 

read Also: “എല്ലാരും ചൊല്ലണ്”; മലയാളത്തിന്റെ മഹാനടി കെപിഎസി ലളിത പാടുന്നതിന്റെ അപൂർവ വീഡിയോ

ശക്തമായ കാറ്റിനെ തുടർന്ന് എയർ ഇന്ത്യയുടെ ഡ്രീംലൈനറും ലാൻഡിംഗിന് ബുദ്ധിമുട്ടി. എന്നാൽ പൈലറ്റിന്റെ അവിശ്വസനീയ കഴിവുകളിലൂടെ ആദ്യ ശ്രമത്തിൽ തന്നെ ലാൻഡിംഗ് നടത്താൻ അവർക്ക് കഴിഞ്ഞു. ‘വളരെ വൈദഗ്ധ്യമുള്ള ഒരു ഇന്ത്യൻ പൈലറ്റ്’- എന്ന ക്യാപ്ഷനൊപ്പം ബിഗ് ജെറ്റ് ടിവി ചാനലിന്റെ സ്ഥാപകനായ ജെറി ഡയേഴ്‌സ് ക്യാമറയിൽ പകർത്തി പങ്കുവെച്ചിരിക്കുകയാണ് ദൃശ്യങ്ങൾ.

Story highlights- Air India flight welcomed in Maldives with a water cannon salute