യുകെയിലെ യൂനിസ് കൊടുങ്കാറ്റിനിടയിൽ ലാൻഡ് ചെയ്യാനാകാതെ വിമാനങ്ങൾ; അനായാസ ലാൻഡിംഗിലൂടെ അമ്പരപ്പിച്ച് ഇന്ത്യൻ പൈലറ്റ്- വിഡിയോ

February 21, 2022

യുകെയിലെ യൂനിസ് കൊടുങ്കാറ്റ് നാശനഷ്ടങ്ങൾ വിതച്ച് സജീവമായിരിക്കുകയാണ്. ദിവസങ്ങളോളം നീണ്ട കൊടുങ്കാറ്റിൽ പല സ്ഥലങ്ങളിലും പവർകട്ടും ഉണ്ടായിരിക്കുകയാണ്. ഒട്ടേറെ വീടുകളും സ്ഥാപനങ്ങളും കാറ്റിൽ തകർന്നു. ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി മുടങ്ങി, ശക്തമായ കാറ്റും മഴയും ഗതാഗത ശൃംഖലയിലും ദൈനംദിന ജീവിതത്തിലും വലിയ തടസ്സങ്ങൾ സൃഷ്ടിച്ചു.

റോഡുകളിൽ അപകടങ്ങളും സംഭവിക്കുകയാണ്. അന്താരാഷ്ട്ര വിമാനങ്ങൾ യാത്ര അവസാനിപ്പിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിൽ നിന്നുള്ള ഒരു കാഴ്ച ശ്രദ്ധനേടുകയാണ്. യൂനിസ് കൊടുങ്കാറ്റിനിടയിൽ എയർ ഇന്ത്യ വിമാനം അനായാസം ലാൻഡ് ചെയ്യുന്ന ഒരു വിഡിയോ അമ്പരപ്പിക്കുകയാണ് എല്ലാവരെയും.

റൺവേയിൽ ശക്തമായ കാറ്റ് വീശിയതിനാൽ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ വിമാനങ്ങൾ ലാൻഡ് ചെയ്യാൻ പ്രയാസപ്പെടുകയായിരുന്നു. പല വിമാനങ്ങളും സുരക്ഷിതമായി ഇറങ്ങുന്നതിന് മുമ്പ് പല ശ്രമങ്ങൾ നടത്തി. ചിലത് ലാൻഡിംഗ് സാധ്യമല്ലാത്തതിനാൽ വഴിതിരിച്ചുവിടേണ്ടിയും വന്നു.

ശക്തമായ കാറ്റിനെ തുടർന്ന് എയർ ഇന്ത്യയുടെ ഡ്രീംലൈനറും ലാൻഡിംഗിന് ബുദ്ധിമുട്ടി. എന്നാൽ പൈലറ്റിന്റെ അവിശ്വസനീയ കഴിവുകളിലൂടെ ആദ്യ ശ്രമത്തിൽ തന്നെ ലാൻഡിംഗ് നടത്താൻ അവർക്ക് കഴിഞ്ഞു. ‘വളരെ വൈദഗ്ധ്യമുള്ള ഒരു ഇന്ത്യൻ പൈലറ്റ്’- എന്ന ക്യാപ്ഷനൊപ്പം ബിഗ് ജെറ്റ് ടിവി ചാനലിന്റെ സ്ഥാപകനായ ജെറി ഡയേഴ്‌സ് ക്യാമറയിൽ പകർത്തി പങ്കുവെച്ചിരിക്കുകയാണ് ദൃശ്യങ്ങൾ.

Read Also: “മത്തായിച്ചാ..മുണ്ട്..മുണ്ട്”; സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തി അജു വർഗീസ് പങ്കുവെച്ച ഹൃദയം ലൊക്കേഷൻ വീഡിയോ

പൈലറ്റിന്റെ കഴിവിനെ അഭിനന്ദിച്ച് ബിറ്റാൻകോ ബിശ്വാസ് എന്ന ഇന്ത്യൻ പൈലറ്റും ദൃശ്യങ്ങൾ പങ്കുവെച്ചിട്ടിട്ടുണ്ട്. ‘ഈ എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റുമാർക്ക് അവരുടെ B787 ഡ്രീംലൈനർ വിമാനം ഇന്നലെ ഉച്ചകഴിഞ്ഞ് ലണ്ടൻ ഹീത്രൂവിൽ അനായാസം ലാൻഡ് ചെയ്യാൻ കഴിഞ്ഞു, യൂനിസ് കൊടുങ്കാറ്റ് നൂറുകണക്കിന് വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തപ്പോഴും അവർ അത് സാധ്യമാക്കി’-അദ്ദേഹം വിഡിയോക്കൊപ്പം കുറിക്കുന്നു.

Story highlights- Air India plane lands with ease amid Storm Eunice in UK