ബാക്കി പൂരം ഒടിടിയിൽ; ‘അജഗജാന്തരം’ സോണി ലിവിൽ സ്‌ട്രീമിംഗ് ആരംഭിക്കുന്നു
ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തി വമ്പൻ ഹിറ്റായി മാറിയ മലയാള ചിത്രമായിരുന്നു ‘അജഗജാന്തരം.’ കൊവിഡിന് ശേഷം തിയേറ്ററുകൾ പൂരപ്പറമ്പാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ചിത്രം ടിനു പാപ്പച്ചനാണ് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ആൻറണി വർഗീസ് നായകനായ ചിത്രത്തിന് ആദ്യ ദിനങ്ങളില്‍ത്തന്നെ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്.
തിയേറ്ററുകളിൽ വിജയം നേടിയ ചിത്രം ഇപ്പോഴിതാ ഒടിടിയിലേക്കും എത്തുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെയാണ് ചിത്രം ഓൺലൈനിൽ റിലീസ് ചെയ്യുന്നത്. ഫെബ്രുവരി 25 മുതല്‍ ചിത്രത്തിന്‍റെ സ്ട്രീമിംഗ് ആരംഭിക്കും.
സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന അരങ്ങേറ്റ ചിത്രത്തിനു ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത അജഗജാന്തരത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവർ ചേർന്നാണ്. ഒരു ഉത്സവ പറമ്പില്‍ ഒരു രാത്രി മുതല്‍ അടുത്ത രാത്രി വരെ നടക്കുന്ന സംഭവങ്ങളാണ് പ്രേക്ഷകരെ ആവേശപ്പെടുത്തുന്ന തരത്തില്‍ ടിനു പാപ്പച്ചൻ ആവിഷ്‍കരിച്ചിരിക്കുന്നത്. ചിത്രത്തിലെ രാത്രി രംഗങ്ങളും സംഘട്ടന രംഗങ്ങളും ഗാനങ്ങളുടെ ആവിഷ്കരണവുമൊക്കെ പ്രേക്ഷകപ്രീതി നേടിയിരുന്നു. പ്രേക്ഷകര്‍ക്കിടയില്‍ ചിത്രം ഒരു ട്രെന്‍ഡ് സെറ്ററായി മാറിയിരുന്നു.
Read More: തിരിച്ചുവരവ് ഗംഭീരമാക്കി നവ്യ, ഒപ്പം വിനായകനും; ഒരുത്തീ ട്രെയ്‌ലറിന് വൻ സ്വീകാര്യത
ആൻറണി വർഗീസിനൊപ്പം അര്‍ജുന്‍ അശോകന്‍, സാബുമോന്‍ അബ്‍ദുസമദ്, സുധി കോപ്പ, ലുക്മാന്‍ അവറാന്‍, ടിറ്റോ വില്‍സണ്‍, ജാഫര്‍ ഇടുക്കി, ബിട്ടോ ഡേവിസ്, വിജിലേഷ് കരയാട്, സിനോജ് വര്‍ഗീസ്, ശ്രീ രഞ്ജിനി, ചെമ്പന്‍ വിനോദ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. നടയ്ക്കല്‍ ഉണ്ണികൃഷ്‍ണന്‍ എന്ന ആനയും ശ്രദ്ധേയ സാന്നിധ്യമായി ചിത്രത്തിലുണ്ട്. സില്‍വര്‍ ബേ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫ്, അജിത്ത് തലപ്പിള്ളി എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്‍റോ ജോര്‍ജ് നിർവഹിച്ചിരിക്കുന്നു. ജസ്റ്റിന്‍ വര്‍ഗീസിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവുമൊക്കെ പ്രേക്ഷകരുടെ ഇടയിൽ നേരത്തെ തന്നെ വലിയ ജനപ്രീതി നേടിയിരുന്നു.
Story Highlights: Ajagajantharam OTT release