മഹാരാജാസ് സുഹൃത്തുക്കൾ ഒരുമിക്കുന്ന ക്യാമ്പസ് ചിത്രം; ആന്റണി വര്‍ഗീസിന്റെ ‘ലൈല’ ഷൂട്ടിംഗ് ആരംഭിച്ചു
മലയാളത്തിലെ പുതിയ തലമുറയിലെ നടന്മാരിൽ ഏറ്റവും ശ്രദ്ധേയനായ താരമാണ് ആൻറണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസിൽ’ അരങ്ങേറ്റം കുറിച്ച നടൻ അസാമാന്യ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരുന്നു. വീണ്ടും മികച്ച സിനിമകളിലൂടെ കയ്യടി നേടിയ ആൻറണിയുടെ ഏറ്റവും പുതിയ മലയാള സിനിമയാണ് ‘അജഗജാന്തരം.’ ഡിസംബറിൽ തിയേറ്ററുകളിലെത്തിയ ചിത്രം വലിയ പ്രേക്ഷകസ്വീകാര്യതയോടെ പ്രദർശനം തുടരുകയാണ്. ഇപ്പോൾ ആൻറണിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയതിന്റെ വാർത്തകളാണ് പുറത്ത് വരുന്നത്.
ആൻറണി വര്‍ഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് ആണ് തുടങ്ങിയിരിക്കുന്നത്. ‘ലൈല’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ പുതുമുഖങ്ങളായ നന്ദന രാജനും സോനയും ശിവകാമിയുമാണ് നായികമാര്‍. ഒരു മുഴുനീള ക്യാമ്പസ് പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. കോളേജ് വിദ്യാര്‍ത്ഥിയായിട്ടാണ് ആൻറണി വര്‍ഗീസ് ചിത്രത്തില്‍ എത്തുന്നത്. നവാഗതനായ അനുരാജ് ഒ.ബി ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നു.
എറണാകുളം മഹാരാജാസിൽ ഒരുമിച്ച് പഠിച്ചിരുന്ന ആൻറണിയും അഭിഷേകും ക്യാമ്പസ് കാലത്ത് തന്നെ ഷോർട് ഫിലിമുകൾ ചെയ്തിരുന്നു. മഹാരാജാസിൽ സുഹൃത്തുക്കൾക്കൊപ്പം ചെയ്തിരുന്ന ഷോർട് ഫിലിമുകളിലൂടെയാണ് ആൻറണി വർഗീസ് ‘അങ്കമാലി ഡയറീസിന്റെ’ ഓഡിഷനിലേക്ക് എത്തുന്നത്.
ആൻറണിക്കൊപ്പം ബാലചന്ദ്രന് ചുള്ളിക്കാട്, ജോണി ആൻറണി, സെന്തില്‍, കിച്ചു ടെല്ലുസ്, ശ്രീജ നായര്‍ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ഡോ.പോള്‍സ് എന്റര്ടൈന്മെന്റ്സിന്റെ ബാറനില്‍ ഡോ. പോള്‍ വര്‍ഗ്ഗീസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു നിര്‍വ്വഹിക്കുന്നു.
Story Highlights: Antony Varghese’s new film ‘Laila’