അന്ന് സ്വന്തം വീട് ജപ്തി ചെയ്യരുതെന്ന് പറഞ്ഞ് പോലീസിനെ തടഞ്ഞു; ഇന്ന് വെള്ളിത്തിരയിൽ നവ്യ നായർക്കൊപ്പം, ഇത് ആദിത്യന്റെ ജീവിതകഥ

February 16, 2022

അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന നവ്യ നായർ ചിത്രം ഒരുത്തിയുടെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. നവ്യ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ബാലതാരമായി എത്തുന്ന ആദിത്യന്റെ ചിത്രങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഈ പയ്യനെ മുൻപ് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നാണ് മിക്കവരും പറയുന്നത്. കാരണം സിനിമയിൽ അല്ലെങ്കിലും ജീവിതത്തിൽ താരമായതാണ് ആദിത്യൻ എന്ന ബാലൻ.

രണ്ട് വർഷം മുൻപ് സാമ്പത്തീക പ്രശ്നങ്ങളെത്തുടർന്ന് സ്വന്തം വീട് ജപ്തി ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ തടയുന്ന ഒരു കുരുന്നിന്റെ ചിത്രങ്ങൾ വലിയ രീതിയിൽ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വന്തം വീട് സംരക്ഷിക്കുന്നതിനായി ഈ ബാലൻ നടത്തിയ പോരാട്ടങ്ങളെ അന്ന് വേദനയോടെയാണ് കേരളക്കര നോക്കികണ്ടത്. ഇന്ന് ഇപ്പോഴിതാ മലയാള സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുകയാണ് ആദിത്യൻ. ഒരുത്തീ എന്ന ചിത്രത്തിൽ നവ്യ നായരുടെ മകന്റെ വേഷത്തിലാണ് ആദിത്യൻ എത്തുന്നത്.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരുത്തി. ചിത്രത്തിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. നവ്യയ്ക്ക് പുറമെ സൈജു കുറുപ്പ്, മാളവിക മേനോൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, കൃഷ്ണപ്രസാദ്‌ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായികയായി എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ ആരാധകർ.

Read also: ഡിസ്കോ സംഗീതത്തെ സിനിമയിൽ ജനപ്രിയമാക്കിയ ബപ്പി, മലയാളത്തിലും ശ്രദ്ധനേടിയ ബപ്പി ലാഹിരിയുടെ ഗാനങ്ങൾ…

ഇഷ്ടം എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായാണ് നവ്യ നായർ ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്. നന്ദനം എന്ന മൂന്നാമത്തെ ചിത്രത്തിലൂടെ നവ്യ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി. പിന്നീട് അൻപതിലധികം മലയാള ചിത്രങ്ങളിൽ നവ്യ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും അഭിനയിച്ച നവ്യ വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടു നിന്നു. എന്നാൽ അവതാരകയായും ഡാൻസറായും പ്രേക്ഷകരോട് ചേർന്ന് നിന്ന നവ്യ ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്.

Story highlights:Artist Adithyan life story