‘ആറാട്ട്’ ആവർത്തനവിരസതയില്ലാത്ത എന്‍റർടൈനറെന്ന് ബി. ഉണ്ണികൃഷ്ണൻ; എന്‍റർടൈനർ സിനിമകൾ ചെയ്യുന്നത് വെല്ലുവിളിയെന്നും സംവിധായകൻ

February 14, 2022

എന്‍റർടൈനർ സിനിമകൾ ചെയ്യുമ്പോൾ ആവർത്തനവിരസത ഒഴിവാക്കുന്നതാണ് വെല്ലുവിളിയെന്ന് മോഹൻലാൽ ചിത്രമായ ആറാട്ടിന്റെ സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. സൂപ്പർതാരങ്ങളെ വെച്ച് വലിയ സിനിമകൾ ചെയ്യുമ്പോൾ പ്രേക്ഷകർ ആ സിനിമയിൽ പ്രതീക്ഷിക്കുന്ന ചില കാര്യങ്ങൾ ഉണ്ടാവുമെന്നും അത്തരം കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തന്നെ പുതുമയുള്ള സിനിമകൾ ചെയ്യുന്നത് വലിയ വെല്ലുവിളിയാണെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബി.ഉണ്ണികൃഷ്ണൻ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

“ഒരു പ്രത്യേക താരത്തെ കേന്ദ്രീകരിച്ച് സിനിമ ആലോചിക്കുമ്പോൾ അത് കുറച്ച് പാടാണ്. കാരണം, നമ്മുടെ ഏറ്റവും വലിയ സ്റ്റാർസൊക്കെ ഒരുപാട് ഐകോണിക് ആയിട്ടുള്ള എന്‍റർടൈനേഴ്സ് ചെയ്തിട്ടുള്ളവരാണ്. അപ്പൊൾ അവരെ നമ്മൾ അതേ ഫോർമാറ്റിലേക്ക് പിടിക്കുമ്പോൾ ആവർത്തന വിരസത ഉണ്ടാവാൻ പാടില്ല. യാന്ത്രികമായി വീണ്ടു വീണ്ടും ഒരേ കാര്യം ആവര്‍ത്തിച്ചിട്ട് കാര്യമില്ല. എന്നാൽ പ്രേക്ഷകർ ആവശ്യപെടുന്ന രീതിയിലുള്ള ചില എന്‍റർടൈനർ ടെംപ്ലേറ്റുകളുണ്ട്. മുണ്ട് മടക്കിക്കുത്തുക, മീശ പിരിക്കുക എന്നതൊക്കെ. അതുകൊണ്ടുതന്നെ എന്റെർറ്റൈനർ സിനിമകൾ ചെയ്യുക എന്നത് ഒരു ഞാണിന്മേൽ കളിയാണ്. അത് അങ്ങിനെ എളുപ്പത്തിൽ സംഭവിക്കുമെന്ന് തോന്നുന്നില്ല. പിന്നെ അത് ചെയ്യാൻ ഇറങ്ങി പുറപ്പെടുമ്പോള്‍ അത് വര്‍ക്ക് ആകുമോ എന്ന തരത്തിലുള്ള ചില ആശങ്കകളുമുണ്ടാകും. ഇത്തരത്തിൽ ഉള്ള ആശങ്കകൾ മറികടക്കാൻ ആറാട്ടിന്റെ നിർമ്മാണ സമയത്ത്‌ ചില ടെക്‌നിക്കുകൾ ഉപയോഗിച്ചിരുന്നു.” – ബി.ഉണ്ണികൃഷ്ണൻ അഭിമുഖത്തിൽ പറഞ്ഞു.

Read More: ഹൃദയം കവരുന്ന ആലാപന മികവ്; ‘ഗെഹരായിയാനി’ലെ ഗാനവുമായി അഹാന കൃഷ്ണ

ഏറെ നാളുകൾക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന മോഹൻലാൽ ചിത്രമായ ആറാട്ടിനായി വലിയ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആറാട്ടിന്റെ റിസർവേർഷൻ കേരളത്തിൽ ആരംഭിച്ചപ്പോൾ ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് എല്ലാ തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ഫെബ്രുവരി 18-നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

Story Highlights: B.Unnikrishnan on Aarattu