കുശിനിയിലെ മുട്ടിതടിയ്ക്ക് പിറകിൽ നിന്ന് ഒരു മൊഴി പോലുമില്ലാതെ ചിത്രയോട് കാണിച്ച പ്രണയഭാവങ്ങൾ ഒരു രക്ഷയുമില്ല… ‘മധുരം’ സിനിമയിലെ ജോജുവിനെക്കുറിച്ച് ഭദ്രൻ

February 10, 2022
Bhadran praises Joju George

അഭിനയമികവുകൊണ്ട് മലയാളി ഹൃദയങ്ങളിൽ സ്ഥാനം നേടിക്കഴിഞ്ഞതാണ് ജോജു ജോർജ്. വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിയ ജോജുവിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം മധുരമാണ്. മധുരത്തിലെ താരത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധി അഭിപ്രായങ്ങളും സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴിതാ ജോജുവിന്റെ അഭിനയ മികവിനെ പ്രകീർത്തിക്കുന്ന സംവിധായകൻ ഭദ്രന്റെ വാക്കുകളാണ് ഏറെ ശ്രദ്ധനേടുന്നത്. ഒപ്പം സംവിധായകനെയും അഭിനന്ദിക്കുന്നുണ്ട് ഭദ്രൻ, കുറെ കാലങ്ങൾക്ക് ശേഷം മലയാളത്തിൽ ഒരു സ്വാഭാവികതയുള്ള നല്ല ചിത്രം കണ്ടു എന്നാണ് ഭദ്രൻ പറഞ്ഞത്.

ഭദ്രന്റെ വാക്കുകൾ…

ഇന്നലെ രാത്രി കാനഡയിലെ എന്റെ ഒരു സുഹൃത്ത് വിളിച്ച് ‘മധുരം’ സിനിമ കണ്ടിരുന്നോ…? കുറേ കാലങ്ങൾക്ക് ശേഷം മലയാളത്തിൽ സ്വാഭാവികതയുള്ള ഒരു നല്ല ചിത്രം കണ്ടു, അതിന്റെ സന്തോഷത്തിലാണ് ഞാൻ എന്ന് പറഞ്ഞു.

ജോജു ജോർജിന്റെ പടമല്ലേ എന്ന് കരുതി ഇന്ന് എന്റെ വീട്ടിലെ തിയേറ്ററിൽ കണ്ട് ഇറങ്ങിയപ്പോൾ എനിക്കും എന്റെ ഭാര്യയ്ക്കും ഇരട്ടി മധുരം നാവിൽ തൊട്ട സ്വാദ് പോലെ തോന്നി. ഒരാശുപത്രിയിലെ ബൈസ്റ്റാൻഡേഴ്സിന്റെ പിറകിൽ സ്വരുക്കൂട്ടിയെടുത്ത അർത്ഥവത്തായ ഒരു തിരക്കഥ. അവിടെ വരുന്നവരുടെ പ്രിയപ്പെട്ടവരെ ചൊല്ലിയുള്ള അങ്കലാപ്പുകളും കിനാവുകളും പ്രതീക്ഷകളും ഒക്കെ കൂട്ടി കൂട്ടി ഒരു നൂറു മാർക്കിന്റെ സിനിമ !!

അഹമ്മദ് കൺഗ്രാറ്റ്സ്. മേലിലും നിങ്ങളുടെ സിനിമകൾക്ക് ഈ മധുരം ഉണ്ടാവട്ടെ. ജോജൂ… തന്റെ കണ്ണുകളും മുഖവും ശബ്ദവും ഗംഭീരമായി ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നു. കുശിനിയിലെ മുട്ടിതടിയ്ക്ക് പിറകിൽ നിന്ന് ഒരു മൊഴി പോലുമില്ലാതെ ചിത്രയോട് കാണിച്ച പ്രണയഭാവങ്ങൾ ഒരു രക്ഷയുമില്ല. ഇനിയും എടുത്ത് എടുത്ത് പറയേണ്ട സന്ദർഭങ്ങൾ നേരിൽ കാണുമ്പോൾ പറയാം.. ഭദ്രൻ കുറിച്ചു.

Story highlights: Bhadran praises Joju George