ഭീഷ്മപർവ്വത്തിനായി കേരളക്കര ഒരുങ്ങുന്നു; റിസർവേഷൻ ഇന്ന് മുതൽ ആരംഭിക്കുന്നു

February 26, 2022

മലയാളികൾ കുറെയേറെ നാളുകളായി ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ഭീഷ്മപർവ്വം.’ ബിഗ് ബി എന്ന ട്രെൻഡ്‌സെറ്റർ സിനിമയ്ക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുള്ള സിനിമയ്ക്കായി വമ്പൻ കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇപ്പോൾ ചിത്രത്തിന്റെ പ്രീ ബുക്കിംഗ് റിസർവേഷൻ ഇന്ന് ആരംഭിക്കുകയാണ്.

മാര്‍ച്ച് 3 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത് . ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം എത്തുന്ന അമല്‍ നീരദ്- മമ്മൂട്ടി ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ ടീസറിനും പാട്ടുകള്‍ക്കുമൊക്കെ വന്‍ പ്രതികരണമാണ് ലഭിച്ചത്. 53 ലക്ഷത്തിലേറെ കാഴ്ചകളാണ് ടീസറിന് യുട്യൂബില്‍ ഇതുവരെ ലഭിച്ചത്.

നേരത്തെ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ‘ബിലാലാ’ണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഈ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്‍മപര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടത്. ചിത്രത്തിന്റെ ട്രെയ്‌ലർ 2 ദിവസങ്ങൾക്ക് മുൻപാണ് റിലീസായത്. ഇറങ്ങിയപ്പോൾ മുതൽ ട്രെൻഡിങ്ങിൽ ഒന്നാമതാണ് ട്രെയ്‌ലർ.

Read More: ‘എന്നാണ് ഭദ്രാ, പുതിയ സ്ഫടികം തിയേറ്ററിൽ ഒന്നുകൂടി കാണാൻ പറ്റുക..?’- കെപിഎസി ലളിതയുടെ ഓർമ്മകളിൽ സംവിധായകൻ ഭദ്രൻ

അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മപർവ്വത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം കൈകാര്യം ചെയ്യുമ്പോൾ വിവേക് ഹര്‍ഷന്‍ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

Story Highlights: Bheeshmaparvam reservation begins