ചക്കപ്പഴത്തിലെ സുമേഷ്, പ്രേക്ഷകരുടെ പ്രിയപ്പെട്ട റാഫി വിവാഹിതനായി; ചിത്രങ്ങൾ

February 28, 2022

ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരിപാടിയിലൂടെ പ്രേക്ഷകപ്രീതിനേടിയ റാഫി വിവാഹിതനായി. മഹീനയാണ് വധു. കൊല്ലം എഎംജെഎം ഹാളിലായിരുന്നു വിവാഹ പരിപാടികൾ. ചക്കപ്പഴത്തിലെ താരങ്ങൾ ഉൾപ്പെടെ നിരവധിപ്പേർ വിവാഹത്തിൽ പങ്കെടുത്തു.

ജൂലൈ നാലിനായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയാണ് റാഫി. ടിക്ക് ടോക്ക് വിഡിയോകളിലൂടെയാണ് റാഫിയുടെ അഭിനയത്തിന്റെ തുടക്കം. ഫ്ളവേഴ്‌സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴത്തിൽ സുമേഷ് എന്ന കഥാപാത്രത്തെയാണ് റാഫി അവതരിപ്പിക്കുന്നത്. സുമേഷ് ആയി ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ് റാഫി. അടുത്തിടെ സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും റാഫിയെത്തേടി എത്തിയിരുന്നു. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരമാണ് ചക്കപ്പഴത്തിലെ അഭിനയത്തിന് റാഫിയെ തേടിയെത്തിയത്.

ചക്കപ്പഴം കുടുംബത്തിലെ ഏറ്റവും ഇളയ മകനായ സുമേഷെന്ന കഥാപാത്രത്തെയാണ് റാഫി അവതരിപ്പിക്കുന്നത്. അമലിന്റെയും സബീറ്റ ജോർജിന്റെയും മകന്റെ വേഷത്തിലാണ് റാഫി എത്തുന്നത്. കോമഡിയും രസികൻ നിമിഷങ്ങളുമൊക്കെയായി റാഫി ചക്കപ്പഴത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിക്കഴിഞ്ഞു.

Read also: അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയിട്ട് 7 വർഷം; തകർപ്പൻ ബാറ്റിംഗ് പ്രകടനവുമായി ആഘോഷിച്ച അനുഭവം പങ്കുവെച്ച് സഞ്ജു സാംസൺ

അതേസമയം ഒരു കുടുംബത്തില്‍ അരങ്ങേറുന്ന സംഭവങ്ങളെ അലങ്കാരങ്ങള്‍ക്കൊണ്ട് അപഹരിക്കാതെ നര്‍മത്തില്‍ ചാലിച്ച് അവതരിപ്പിക്കുകയാണ് ചക്കപ്പഴം എന്ന പരിപാടിയില്‍. ചക്കപ്പഴത്തിലെ താരങ്ങളെല്ലാം ഇതിനോടകംതന്നെ പ്രേക്ഷകസ്വീകാര്യത നേടിക്കഴിഞ്ഞു.

Story highlights:Chakkapazham Rafi Wedding images