‘ഭൂതകാല’ത്തിലെ ഷെയ്നിന്റെ ‘വിനു’ കൊടിമരം പോലെ ഉയർന്നു നിന്നു, ഇളക്കം തട്ടാതെ- ഷെയ്ൻ നിഗത്തിന് അഭിനന്ദനങ്ങളുമായി ഭദ്രൻ
മികച്ച പ്രേക്ഷകപ്രശംസ നേടിയ ചിത്രമാണ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ കാഴ്ചക്കാരിലേക്കെത്തിയ ഭൂതകാലം. ഷെയ്ൻ നിഗം മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് വിവിധ ഇടങ്ങളിൽ നിന്നും സ്വീകാര്യത ലഭിച്ചിരുന്നു. ഒരു ഹൊറർ സിനിമയായി ഒരുങ്ങിയ ചിത്രത്തിൽ ഷെയിൻ നിഗവും രേവതിയും അസാമാന്യ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇന്ത്യയൊട്ടാകെയുള്ള നിരവധി സിനിമാപ്രവർത്തകർ ചിത്രത്തെ കുറിച്ചുള്ള മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സിനിമയ്ക്കും ചിത്രത്തിലെ കഥാപാത്രങ്ങളെ അനശ്വരമാക്കിയ താരങ്ങൾക്കും അഭിനന്ദനങ്ങളുമായി എത്തുകയാണ് സംവിധായകൻ ഭദ്രൻ.
ഭദ്രന്റെ സോഷ്യൽ മീഡിയ കുറിപ്പ് താഴെ ചേർക്കുന്നു:
‘ഭൂതകാലം ‘ ഒരു പക്ഷേ, നമ്മളോരോരുത്തരുടെയും തനിയാവർത്തനം തന്നെ. അസ്വാഭാവികതയുടെ ഒരു തരിമ്പ് പോലുംപെടാത്ത ഒരു നല്ല ചലച്ചിത്രം. മാനസിക വിഭ്രാന്തിയിൽ മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന ഒരു വിധവയും അവരുടെ മകനും മുത്തശ്ശിയും അടങ്ങിയ ഒരു കൊച്ച് വീട്. എങ്ങുമെത്താതെ നിൽക്കുന്ന മകനെ കാണുമ്പോൾ ഉണ്ടാകുന്ന അമ്മയുടെ ആശങ്കകളും സംഘർഷങ്ങളും അമ്മയെന്ന വികാരത്തെ സങ്കീർണമാക്കി. മുത്തശ്ശിയുടെ മരണം മകന്റെ മനസ്സിൽ വി ഹ്വല ചിത്രങ്ങളായി രൂപപ്പെടാൻ തുടങ്ങി.
ദുർമരണങ്ങൾ സംഭവിച്ചിട്ടുള്ള ഒരു വീട്ടിൽ ദുർബലമനസുകൾ വന്ന് ചേക്കേറുമ്പോൾ അവിടെ അവർ കാണുന്ന കാഴ്ചകളിൽ ഒരു സത്യസന്ധത ഉണ്ടായിരുന്നു. കാണിയുടെ കാഴ്ച വട്ടത്തിൽ നിന്നും ഒരു ഫ്രെയിം പോലും അടർത്തി മാറ്റാൻ പറ്റാത്ത വിധം കോർത്ത് കോർത്ത് ഒരു ചങ്ങല പോലെ പിടിവിടാതെ രാഹുൽ സൂക്ഷ്മതയോടെ കൊണ്ടു നടന്നു. അഭിനന്ദനങ്ങൾ.
ഷെയ്ൻ നിഗം കുത്തൊഴുക്കിൽ വീണ് ട്രയാംഗിൾ ചുഴിയിൽ പെട്ട് പോകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ അത് വെറും തോന്നൽ മാത്രം. ഭൂതകാലത്തിലെ ഷെയ്നിന്റെ ‘വിനു’ കൊടിമരം പോലെ ഉയർന്നു നിന്നു, ഇളക്കം തട്ടാതെ…
ഞാൻ സ്റ്റേറ്റ് അവാർഡിൽ കണ്ട ‘വെയിലി’ലെ ഇതുപോലെ പ്രകാശിപ്പിക്കാൻ കഴിയാതെ പോയ ഒരമ്മയുടെ സ്നേഹത്തിന്റെ മുൻപിൽ പതറുകയും ഇടറുകയും ചെയ്യുന്നത് കണ്ടപ്പോൾ അന്നും എന്റെ കണ്ണുകൾ ചുവന്നിരുന്നു. ഇന്നും, ഈ സിനിമ കണ്ടപ്പോഴും.
” എന്റെ പ്രശ്നം എന്താണെന്ന് അമ്മക്കറിയോ? ഞാൻ സ്നേഹിക്കുന്നവർ എന്നെ മനസിലാക്കാതെ ദൂരത്ത് നിൽക്കുന്നത് കാണുമ്പോൾ… “ആ പറച്ചിൽ വെയിലിൽ നിന്നും ഒത്തിരി ഒത്തിരി മാറ്റി നിർത്തിയ ഒരു രസക്കൂട്ട് കാണിച്ചു തന്നു.
ഹായ് ഷെയ്ൻ, നിനക്ക് എതിര് നീ മാത്രമേയുള്ളൂ…യാത്ര തുടരൂ. രേവതിയുടെ കരിയറിലെ ‘ആശ’യെ തിളക്കം കെടാതെ സൂക്ഷിച്ചു.- ഭദ്രൻ കുറിച്ചു.
Story highlights: Director Bhadran Congratulates Shane Nigam