ജോർജ്കുട്ടിക്ക് ശേഷം കുടുംബം സംരക്ഷിക്കാൻ വിജയ്; ദൃശ്യം 2 വിന്റെ ഹിന്ദി പതിപ്പൊരുങ്ങുന്നു

February 17, 2022

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ജീത്തു ജോസഫിന്റെ മോഹൻലാൽ ചിത്രം ‘ദൃശ്യം.’ പ്രേക്ഷകപ്രീതിയും നിരൂപകരുടെ പ്രശംസയും നേടി വമ്പൻ വിജയമായ ചിത്രം നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. ഹിന്ദിയിൽ നിഷികാന്ത് കാമത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ അജയ് ദേവ്ഗൺ ആയിരുന്നു നായകൻ. ഇറങ്ങിയ എല്ലാ ഭാഷകളിലും വലിയ വിജയമായതിന് ശേഷം 2021-ലാണ് മലയാളത്തിൽ ദൃശ്യത്തിന്റെ രണ്ടാം ഭാഗമൊരുങ്ങിയത്. ആദ്യഭാഗം പോലെ തന്നെ വലിയ വിജയം നേടിയ ദൃശ്യം 2 വും മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ഒരുങ്ങുന്നത്. അജയ് ദേവ്ഗൺ തന്നെ വീണ്ടും ചിത്രത്തിൽ നായകനായെത്തുന്നു.

മുംബൈയില്‍ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. അഭിഷേക് പതകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രിയ ശരണ്‍ തബു, ഇഷിത് ദത്ത തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. തന്റെ കുടുംബത്തെ വിജയ്‍യ്‍ക്ക് വീണ്ടും രക്ഷിക്കാനാകുമോ എന്ന ക്യാപ്ഷനോടെ അജയ്‍ ദേവ്‍ഗണ്‍ ഷൂട്ടിംഗ് തുടങ്ങിയതിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ‘ദൃശ്യം’ ആദ്യ ചിത്രം ഹിന്ദിയില്‍ സംവിധാനം ചെയ്‍ത നിഷികാന്ത് കാമത്ത് 2020ല്‍ അന്തരിച്ചിരുന്നു.

തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകള്‍ക്ക് പുറമേ സിംഹള, ചൈനീസ് ഭാഷകളിലും ചിത്രം പല കാലങ്ങളിലായി റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അവയൊക്കെ വലിയ വിജയങ്ങളും നേടിയിരുന്നു. ഇന്തോനേഷ്യന്‍ ഭാഷയിലും ചിത്രം റീമേക്ക് ചെയ്യുന്നുവെന്ന് മലയാളം ഒറിജിനലിന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് വെളിപ്പെടുത്തിയിരുന്നു. ‘ദൃശ്യ’ എന്ന പേരില്‍ കന്നഡയിലും തമിഴില്‍ ‘പാപനാശം’ എന്ന പേരിലുമായിരുന്നു ചിത്രം റീമേക്ക് ചെയ്യപ്പെട്ടത്. പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ദൃശ്യം 2 വിന്റെ ഹിന്ദി പതിപ്പൊരുങ്ങുന്നത്.

Read More: ‘ആറാട്ടി’ലെ ആ സീൻ രസകരമായിരുന്നു; കോട്ടയം പ്രദീപിന്റെ ഓർമകളിൽ ബി ഉണ്ണികൃഷ്ണൻ

2021 ഫെബ്രുവരി 19 നാണ് ‘ദൃശ്യം 2’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്‍തത്. മോഹന്‍ലാലിന്റെ ജോർജ്കുട്ടി എന്ന കഥാപാത്രത്തിനും ജീത്തു ജോസഫിന്റെ സംവിധാനത്തിനും ലോകമെമ്പാടുമുള്ള പ്രേക്ഷരില്‍ നിന്നും വൻ പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്‍തര്‍, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും അഭിനയിച്ചിരുന്നു. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി, സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി.

Story Highlights: Drishyam 2 hindi remake