ആറാം തമ്പുരാനിലെ ഹിറ്റ് ഡയലോഗ് മൂന്നു ഭാവങ്ങളിൽ; രസികൻ പ്രകടനവുമായി ദുർഗ കൃഷ്ണ

രസകരമായ നിമിഷങ്ങൾ എന്നും മലയാളികൾക്ക് സമ്മാനിക്കുന്ന ജനപ്രിയ ഷോയാണ് സ്റ്റാർ മാജിക്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ് ഫ്ളവേഴ്സ് ടി വി ഒരുക്കുന്ന സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്. സ്റ്റാർ മാജിക് വേദിയിൽ സ്ഥിരം അതിഥിയായി എത്താറുണ്ട് നടി ദുർഗ കൃഷ്ണ. അതുകൊണ്ടുതന്നെ ഒരു അതിഥി എന്നതിലുപരി സ്റ്റാർ മാജിക് കുടുംബത്തിന്റെ ഭാഗമാണ് ദുർഗ.
ഇപ്പോഴിതാ, സിനിമാ വിശേഷങ്ങൾക്ക് പുറമെ ഗെയിമുകളിലും ഭാഗമായാണ് ദുർഗ കൃഷ്ണ ചിരിവേദിയിൽ സജീവമായിരിക്കുന്നത്. ഷിയാസിനൊപ്പമാണ് ദുർഗ ഗെയിമുകളിൽ പങ്കെടുത്തത്. ഗെയിമിന്റെ ഭാഗമായി ആറാം തമ്പുരാൻ എന്ന ഹിറ്റ് ചിത്രത്തിലെ പ്രസിദ്ധമായ ഡയലോഗിന് മൂന്നു ഭാവങ്ങൾ ഒരുക്കിയിരിക്കുകയാണ് നടി. മൂന്നു ഭാവങ്ങളിൽ സ്വന്തമാ ശബ്ദത്തിൽ ചിത്രത്തിലെ ഡയലോഗ് ദുർഗ, ഷിയാസിനൊപ്പം അവതരിപ്പിച്ചു. രസകരമായ ഈ പ്രകടനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
‘വിമാനം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച നടിയാണ് ദുർഗ കൃഷ്ണ. നൃത്തവേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ ദുർഗ ചുരുക്കം ചിത്രങ്ങളിൽ മാത്രമാണ് വേഷമിട്ടതെങ്കിലും ശ്രദ്ധേയ കഥാപാത്രങ്ങളാണ് കൈകാര്യം ചെയ്തത്. മോഹൻലാൽ നായകനാകുന്ന റാം എന്ന ചിത്രത്തിലാണ് ദുർഗ ഏറ്റവുമൊടുവിൽ വേഷമിട്ടത്. കൊവിഡ് പ്രതിസന്ധികൾ കാരണം ഇപ്പോൾ റാമിന്റെ ചിത്രീകരണം മാറ്റിവെച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ സമയത്താണ് ദുർഗയും യുവ നിർമാതാവായ അർജുനുമായുള്ള വിവാഹം കഴിഞ്ഞത്.
വിവാഹശേഷം അർജുനൊപ്പം സ്റ്റാർ മാജിക് വേദിയിലെത്തിയ ദുർഗ രസകരമായ ഒട്ടേറെ നിമിഷങ്ങൾ സമ്മാനിച്ചിരുന്നു. ഇരുവരും ചേർന്ന് ഗെയിമുകളിലും പങ്കെടുത്തിരുന്നു. രണ്ടു ടീമുകളിലായി മത്സരാവേശത്തോടെ കൊമ്പുകോർത്ത ദുർഗയും അർജുനും മനോഹരവും പ്രണയാർദ്രവുമായ ഒരു നൃത്തവും സ്റ്റാർ മാജിക് വേദിയിൽ കാഴ്ചവെച്ചു.
Story highlights- durga krishna’s star magic performance