ലോകത്ത് ഇനി ബാക്കി 250 പക്ഷികൾ കൂടി; ഗുരുതര വംശനാശ ഭീഷണി നേരിടുന്ന വൈറ്റ് ബെല്ലിഡ് ഹെറോൺ കംലാംഗ് കടുവാ സങ്കേതത്തിൽ

February 14, 2022

മനുഷ്യന്റെ ഇടപെടൽ മൂലം കാലാവസ്ഥയിൽ വളരെയധികം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അവയുടെ പരിണിത ഫലങ്ങൾ മനുഷ്യനേക്കാൾ അനുഭവിക്കുന്നത് ജന്തു ജീവ ജാലങ്ങളാണ്. ഒട്ടേറെ പക്ഷികളാണ് ഇങ്ങനെ വംശനാശം നേരിടുന്നത്. ഇപ്പോഴിതാ, അരുണാചൽ പ്രദേശിലെ ലോഹിത് ജില്ലയിലെ കംലാംഗ് കടുവാ സങ്കേതത്തിൽ ഗുരുതരമായി വംശനാശം നേരിടുന്ന ഹെറോണിനെ കണ്ടെത്തി.

കിഴക്കൻ ഹിമാലയത്തിന്റെ താഴ്‌വരകളിൽ കൂടുതലായി കാണപ്പെടുന്ന പക്ഷിയാണിത്.വൈറ്റ് ബെല്ലിഡ് ഹെറോൺ,ഗ്രേറ്റ് വൈറ്റ് ബെല്ലിഡ് ഹെറോൺ എന്നൊക്കെ അറിയപ്പെടുന്ന പക്ഷി ഇന്ത്യയിലെ 50-ാമത്തെ കടുവാ സങ്കേതമായ കംലാംഗ് വന്യജീവി സങ്കേതത്തിലാണ് കാണപ്പെട്ടത്. ഒരു ജലാശയത്തിനടുത്ത് പാറപ്പുറത്ത് ഇരിക്കുകയാണ് പക്ഷി. അവയുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

IUCN ഇതിനെ ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ധാരാളമായി കണ്ടിരുന്ന ഇവ ഇപ്പോൾ ലോകമെമ്പാടുമുള്ള കണക്കെടുത്താൽ പോലും ഏകദേശം 250 എണ്ണമേ ഉണ്ടാകുകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കംലാംഗ് വന്യജീവി സങ്കേതത്തിന്റെ ട്വിറ്റർ പേജിലാണ് ഇതിനെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്.

Read Also: നാരങ്ങാ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന വിലപ്പെട്ട ആരോഗ്യ ഗുണങ്ങൾ

സമീപത്ത് ഒഴുകുന്ന കംലാംഗ് നദിയുടെ പേരിലാണ് കംലാംഗ് കടുവാ സങ്കേതം അറിയപ്പെടുന്നത്. ഔദ്യോഗിക രേഖകൾ അനുസരിച്ച്, ഈ വന്യജീവി സങ്കേതത്തിൽ 60 ലധികം ഇനം സസ്തനികളും 105 ഇനം പക്ഷികളും ഉണ്ട്. റോയൽ ബംഗാൾ കടുവ, പുള്ളിപ്പുലി, ക്ലൗഡഡ് പുള്ളിപ്പുലി, മാർബിൾഡ് ക്യാറ്റ് തുടങ്ങിയവയും ഇവിടെയുണ്ട്.

Story highlights- endangered white-bellied heron spotted in Kamlang Tiger Reserve