മകൾക്കൊപ്പം 54 ആം വയസിൽ എംബിബിഎസ് പ്രവേശനംനേടി അച്ഛനും; മുരുഗയ്യനിത് സ്വപ്ന സാഫല്യം
മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകി അവരെ ഉയർന്ന നിലയിൽ എത്തിക്കണം… ഇതായിരിക്കും മിക്ക മാതാപിതാക്കളുടെയും സ്വപ്നം. എന്നാൽ മകളുടെ സ്വപ്നങ്ങൾക്കൊപ്പം തന്റെ സ്വപ്നം കൂടി സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് ഇവിടെ ഒരച്ഛൻ. പതിനെട്ടാം വയസിൽ എം ബി ബി എസ് പരീക്ഷയ്ക്ക് പ്രവേശനം നേടിയ മകൾക്കൊപ്പം കൂട്ടായി ഇനി ഈ അച്ഛനും ഉണ്ടാകും. 54 കാരനായ ആർ മുരുഗയ്യനാണ് മകൾ ശീതളിനൊപ്പം നീറ്റ് പരീക്ഷ എഴുതി എം ബി ബി എസിന് പ്രവേശനം നേടിയത്.
ബിപിസിഎൽ കൊച്ചി റിഫൈനറി ചീഫ് മാനേജർ ലഫ്. കേണൽ ആർ മുരുഗയ്യന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ഡോക്ടറാകണം എന്നത്. എന്നാൽ വീട്ടുകാരുടെ ഇഷ്ടപ്രകാരം എഞ്ചിനീയറിങ്ങാണ് അദ്ദേഹം പഠിച്ചത്. എന്നാൽ ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ചെന്നൈ ശ്രീലളിതാംബിക മെഡിക്കൽ കോളജിൽ മെഡിക്കൽ അഡ്മിഷനും ലഭിച്ചുകഴിഞ്ഞു അദ്ദേഹത്തിന്. മകൾ ശീതളിന് പോണ്ടിച്ചേരി വിനായക മിഷൻ മെഡിക്കൽ കോളജിലാണ് അഡ്മിഷൻ കിട്ടിയത്.
അതേസമയം തമിഴ്നാട് തഞ്ചാവൂർ സ്വദേശികളായ മുരുഗയ്യനും കുടുംബവും കഴിഞ്ഞ 30-ലധികം വർഷങ്ങളായി കേരളത്തിലാണ് താമസം. നിയമം, എഞ്ചിനിയറിങ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ വിഷയങ്ങളിലെല്ലാം ബിരുദം നേടിയ ആളാണ് മുരുഗയ്യൻ. മെഡിക്കൽ പ്രവേശനത്തിനുള്ള ഉയർന്ന പ്രായപരിധി സുപ്രീം കോടതി റദ്ധാക്കിയതോടെയാണ് ചെറുപ്പം മുതലുള്ള ആഗ്രഹമായ മെഡിക്കൽ പ്രവേശനത്തിനുള്ള തയാറെടുപ്പുകൾ മുരുഗയ്യൻ ആരംഭിച്ചത്. ജോലിക്കിടയിൽ കിട്ടുന്ന സമയങ്ങളിലും മറ്റുമായി നടത്തിയ പഠനത്തിലൂടെയാണ് അദ്ദേഹം മെഡിസിന് അഡ്മിഷൻ നേടിയത്.
Story highlights: father and daughter takes medical admission together