“മത്തായിച്ചാ..മുണ്ട്..മുണ്ട്”; സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തി അജു വർഗീസ് പങ്കുവെച്ച ഹൃദയം ലൊക്കേഷൻ വീഡിയോ

February 20, 2022

പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി വമ്പൻ വിജയമായ മലയാള സിനിമയാണ് വിനീത് ശ്രീനിവാസന്റെ ‘ഹൃദയം.’ ആദ്യ ഷോ മുതൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്ത് നിന്ന് ഹൃദയത്തിന് ലഭിച്ചത്. പ്രണവ് മോഹൻലാലിൻറെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഒരു സവിശേഷതയായി പ്രേക്ഷകർ എടുത്ത് പറഞ്ഞിരുന്നത്. ഇത് വരെ കാണാത്ത ഒരു പ്രണവിനെയാണ് ഹൃദയത്തിൽ കണ്ടതെന്ന് പ്രേക്ഷകരും നിരൂപകരും ഒരേ പോലെ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോൾ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ അജു വർഗീസ് പങ്കുവെച്ച ഒരു ബിഹൈൻഡ് ദ് സീൻ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്.

ജിമ്മി എന്ന വിവാഹ ഫോട്ടോ​ഗ്രാഫറായാണ് അജു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പ്രണവ് അവതരിപ്പിച്ച അരുണ്‍ നീലകണ്ഠനോട് പകരം ചോദിക്കാന്‍ ചിലരെത്തുമ്പോള്‍ മുണ്ട് മടക്കിക്കുത്തി തയ്യാറെടുക്കുകയാണ് അജു. എന്നാല്‍ പ്രണവിന്‍റെ കൈയിലിരിക്കുന്ന ക്യാമറ സ്റ്റാന്‍ഡില്‍ മുണ്ട് കുടുങ്ങുകയാണ്. “മത്തായിച്ചാ മുണ്ട് ..മുണ്ട് ” എന്ന് മുകേഷിന്റെ കഥാപാത്രം റാംജി റാവ് സ്‌പീക്കിങ്ങിൽ പറയുന്ന പ്രശസ്ത ഡയലോഗാണ് ഷോര്‍ട്ട് വീഡിയോയ്ക്ക് അജു ക്യാപ്ഷന്‍ ആയി ചേര്‍ത്തിരിക്കുന്നത്.

ജനുവരി 21 നാണ് ഹൃദയം തിയേറ്ററില്‍ എത്തിയത്. കൊവിഡ് പ്രതിസന്ധിയിലും ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു നിര്‍മ്മാതാക്കള്‍. പ്രണവ് മോഹൻലാലിനെ കൂടാതെ ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ, അജു വർഗ്ഗീസ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ഹെഷാം അബ്ദുൽ വഹാബാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധായകനായ ചിത്രം കൂടിയാണ് ഹൃദയം.

Read More: 80 കളെ അനുസ്മരിപ്പിച്ച് ‘പറുദീസ’; ചുരുങ്ങിയ സമയത്തിൽ ട്രെൻഡിങ്ങിൽ ഒന്നാമതായി ഭീഷ്മപർവ്വത്തിലെ ഗാനം

തിയേറ്ററിലെ വലിയ വിജയത്തിന് ശേഷം ഹൃദയം ഒടിടിയിലും റിലീസ് ചെയ്തിരുന്നു. ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്‌സ്റ്റാറിലാണ് ചിത്രം ഫെബ്രുവരി 18 മുതല്‍ സ്ട്രീമിങ്ങ് ആരംഭിച്ചത്.

Story Highlights: Hridayam behind the scene video