അമിതഭാരമകറ്റാനും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും ശീലമാക്കാം വെളുത്തുള്ളി

February 13, 2022

കാഴ്ചയില്‍ ചെറുതാണെങ്കിലും നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട് വെളുത്തുള്ളിക്ക്. ഭക്ഷണത്തില്‍ വെളുത്തുള്ളി ചേര്‍ക്കുന്നവര്‍ ഏറെയാണെങ്കിലും ഗുണങ്ങളെക്കുറിച്ച് അറിവുളളവര്‍ വിരളമാണ്. വെളുത്തുള്ള ഭക്ഷണത്തില്‍ ചേര്‍ക്കുമ്പോള്‍ കൂടുതല്‍ രുചി ലഭിക്കുന്നതിനൊപ്പം മറ്റ് ആരോഗ്യ ഗുണങ്ങളും നമുക്ക് ലഭിക്കുന്നു.

വെളുത്തുള്ളിയിലെ ഘടകങ്ങള്‍ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇതിനായി വെളുത്തുള്ളിയും അല്‍പം തേനും ചേര്‍ത്ത് കഴിക്കാം. മാത്രമല്ല വെളുത്തുള്ളി സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അമിത വണ്ണത്തെ ചെറുക്കാനും സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലായ്മ ചെയ്യാനും വെളുത്തുള്ളി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. ഇതുമൂലം അമിത വണ്ണത്തെയും ചെറുക്കാനാകും.

വിറ്റാമിന്‍ ബി6, ഫൈബര്‍, കാത്സ്യം, മാംഗനീസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട് വെളുത്തുള്ളിയില്‍. ഇവ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ തന്നെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും വെളുത്തുള്ളി സഹായകരമാണ്. ചെറിയ കുട്ടികള്‍ക്ക് ഒരു അല്ലി വെളുത്തുള്ളി ഇട്ട് തിളപ്പിച്ച പാല്‍ നല്‍കുന്നത് വിരശല്യത്തെ ചെറുക്കാന്‍ സഹായിക്കുന്നു.

Read also: ഡൗൺ സിൻഡ്രമുള്ള കുഞ്ഞിനെ കൂടെയുള്ളവർ ഒറ്റപ്പെടുത്തി, ലോകത്തിന് മാതൃകയായി കുരുന്നിന്റെ കൈപിടിച്ച് സ്കൂളിലേക്കെത്തിയ പ്രസിഡന്റ്…

ദഹനം സുഗമമാക്കുന്നതിനും ഏറെ സഹായകരമാണ് വെളുത്തുള്ളി. ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്കും നല്ലൊരു പരിഹാരമാണ്. വെളുത്തുള്ളി ചുട്ടു കഴിക്കുന്നത് പലതരത്തിലുള്ള ദഹന പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടാന്‍ സഹായിക്കും. എന്നാൽ വെളുത്തുള്ളി അമിതമായി പച്ചയ്ക്ക് കഴിക്കരുത്. അതേസമയം വെരികോസ് വെയ്ൻ പോലുള്ള രോഗാവസ്ഥയെ തടയാനും വെളുത്തുള്ളി നല്ലതാണ്. ശരീരത്തിൽ ഉണ്ടാകുന്ന വീക്കം ശമിപ്പിക്കാനും രക്തചംക്രമണം വർദ്ധിപ്പിക്കാനും വെളുത്തുള്ളിക്ക് കഴിവുണ്ട്. ശരീരത്തിലെ വിഷവസ്തുക്കളെ തകർക്കുന്നതിനും പ്രകൃതിദത്ത പ്രവർത്തനങ്ങളിലൂടെ അവയുടെ പുറന്തള്ളൽ വേഗത്തിലാക്കുന്നതിനും ഇതിന് കഴിയും. വേദന ശമിപ്പിക്കാനും വെരികോസ് വെയ്‌ന്റെ തടിപ്പ് കുറയ്ക്കാനും സഹായിക്കുന്നതിന് പതിവ് ഭക്ഷണത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്താൻ ശ്രമിക്കാം.

Story highlights:Impressive Health benefits of Garlic