മേഘത്തിനുള്ളിലൂടെ ഫ്രീ ഫോൾ ചെയ്യുന്ന അവിശ്വസനീയ കാഴ്ച: അമ്പരപ്പിച്ച സ്കൈ-ഡൈവിംഗ് വിഡിയോ
ഭൂമിയിൽ നിന്ന് നോക്കുമ്പോൾ അതിമനോഹരമായ ആകൃതിയിൽ ആകാശത്ത് കാണുന്ന ഭീമാകാരമായ മേഘങ്ങൾ എന്നും കാഴ്ചയ്ക്ക് കൗതുകമാണ്. എന്നാൽ അവയ്ക്കുള്ളിലൂടെ കടന്നുപോകുന്നതായോ തൊടുന്നതായോ ചിന്തിച്ചിട്ടുണ്ടോ? പലരും സ്വയം ചോദിച്ചിട്ടുണ്ടെങ്കിലും കുറച്ചുപേർക്ക് മാത്രം അനുഭവപ്പെട്ടിട്ടുള്ള കാര്യമാണ് ഇത്. ഇപ്പോഴിതാ, ആ അനുഭവം എങ്ങനെയായിരിക്കും എന്ന് ഒരു സ്കൈ-ഡൈവർ വിഡിയോയിലൂടെ കാണിച്ചുതരികയാണ്.
കാംപെസിനോ എന്ന ബ്രാൻഡിന്റെ സ്ഥാപകനായ ഹാട്ടൺ സ്മിത്ത് ആണ് മനോഹരമായ ഈ കാഴ്ച പങ്കുവെച്ചിരിക്കുന്നത്. ഒരു വിമാനത്തിൽ നിന്ന് ചാടി, മേഘങ്ങൾക്കിടയിലൂടെ താഴേക്ക് പോകുന്ന കാഴ്ചയാണ് അദ്ദേഹം പകർത്തിയിരിക്കുന്നത്.അവിശ്വസനീയമായ അനുഭവത്തിന്റെ റെക്കോർഡിംഗ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്.
ഫ്രീഫോൾ ആരംഭിക്കുമ്പോൾ, സ്മിത്തിന്റെ കാലിൽ ഘടിപ്പിച്ച ക്യാമറ മേഘങ്ങളെയും അതിനുള്ളിലൂടെ കടന്നുപോകുമ്പോളുള്ള അനുഭവവും പകർത്തുന്നു. ഈ ക്ലിപ്പ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും അവിശ്വസനീയമായ സ്കൈ ഡൈവിംഗ് വിഡിയോ എന്നാണ് എല്ലാവരും വിഡിയോയ്ക്ക് താഴെ കമന്റ്റ് ചെയ്തിരിക്കുന്നത്.
സെക്കൻഡുകൾ മാത്രമേ ഉള്ളുവെങ്കിലും അമ്പരപ്പിക്കുന്ന കാഴ്ച തന്നെയാണ് ഈ വിഡിയോ പങ്കുവയ്ക്കുന്നത്. ഇങ്ങനെയുള്ള വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് ശ്രദ്ധനേടാറുണ്ട്. അതേസമയം, അടുത്തിടെ കിലോമീറ്ററുകൾ നീണ്ട മിന്നലിന്റെ മെഗാഫ്‌ളാഷ് ദൃശ്യം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ലൂസിയാനയിൽ ഉണ്ടായ ഒറ്റ മിന്നൽ മൂന്ന് സംസ്ഥാനങ്ങളിലായി ഏകദേശം 770 കിലോമീറ്റർ ആകാശത്ത് വ്യാപിച്ച് ലോക റെക്കോർഡ് സ്ഥാപിക്കുകയായിരുന്നു.
Read Also: ഒറ്റമിന്നൽ പിണർ നീണ്ടത് 768 കിലോമീറ്ററോളം; ലോക റെക്കോർഡ് നേടിയ മെഗാഫ്‌ളാഷ് കാഴ്ച
ഡബ്ല്യുഎംഒയുടെ കണക്കനുസരിച്ച്, മിസിസിപ്പി, ലൂസിയാന, ടെക്‌സസ് എന്നീ സംസ്ഥാനങ്ങളിലൂടെ 768 കിലോമീറ്റർ മുഴുവൻ മെഗാഫ്ലാഷ് വ്യാപിച്ചു. മുൻകാല റെക്കോർഡിനേക്കാൾ 60 കിലോമീറ്റർ കൂടുതൽ ഈ മിന്നൽ പിന്നിട്ടതായി അവർ സ്ഥിരീകരിക്കുന്നു. ‘ഉയർന്ന വോൾട്ടേജ് സൈൻ ലൈറ്റിംഗ് മെഗാഫ്ലാഷിനായി 2 പുതിയ ലോക റെക്കോർഡുകൾ സ്ഥിരീകരിച്ചു’. ട്വീറ്റിലൂടെ ഡബ്ല്യുഎംഒ അറിയിക്കുന്നു.
Story highlights- Incredible sky-diving footage reveals what’s it like to freefall through a cloud