ഒരിക്കൽ മാത്രം കൂടെ അഭിനയിക്കേണ്ട നടി ആരാവണമെന്ന് പറഞ്ഞു; കെപിഎസി ലളിതയുടെ ഓർമകളിൽ നടൻ ഇന്നസെന്റ്

February 23, 2022

മലയാളസിനിമയിലെ അതുല്യയായ അഭിനയപ്രതിഭയായിരുന്നു കെപിഎസി ലളിത. സമാനതകളില്ലാത്ത അഭിനയപ്രകടനം കാഴ്ചവെച്ച പ്രിയപ്പെട്ട നടിയുടെ വിയോഗത്തിൽ വിങ്ങുകയാണ് മലയാള സിനിമാലോകം. ഇപ്പോൾ കെപിഎസി ലളിതയെപ്പറ്റിയുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് നടൻ ഇന്നസെന്റ്. ഒരുപാട് സിനിമകളിൽ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താര ജോഡികളായിരുന്നു കെപിഎസി ലളിതയും ഇന്നസെന്റും.

ഗോഡ്ഫാദറിലെ കൊച്ചമ്മിണിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കെപിഎസി ലളിത മതിയെന്ന് സിദ്ദിഖ്‌ലാലിനോട് പറഞ്ഞത് താനാണെന്നാണ് ഇന്നസെന്റ് പറയുന്നത്. ഒരിക്കലും ആര് അഭിനയിക്കണമെന്ന് താന്‍ സംവിധായകരോട് പറയാറില്ല. ഗോഡ്ഫാദര്‍ എന്ന സിനിമയില്‍ കഥ കേട്ടപ്പോള്‍ സിദ്ദിഖ്‌ലാലിനോട് കൊച്ചമ്മിണിയെന്ന കഥാപാത്രം ആരാണ് ചെയ്യുന്നതെന്ന് ചോദിച്ചു. മറ്റൊരു നടിയെയായിരുന്നു നിശ്ചയിച്ചിരുന്നത്. വേറെ ആളെ വേണമെങ്കില്‍ നോക്കാമെന്ന് അവര്‍ പറഞ്ഞു. വേറെ ആരെയും നോക്കേണ്ടതില്ല ലളിതയാണ് ആ റോളിന് ബെസ്റ്റെന്ന് താന്‍ പറഞ്ഞു. ആ സിനിമയില്‍ കൊച്ചമ്മിണിയെ അറിയില്ലെന്ന് തന്റെ കഥാപാത്രം പറയുമ്പോള്‍ കുട്ടികളെയുമെടുത്ത് കിണറ്റില്‍ ചാടാന്‍ പോയ സീന്‍ മാത്രം നോക്കിയാല്‍ മതി അവരുടെ പ്രതിഭ തിരിച്ചറിയാനെന്നും ഇന്നസെന്റ് കൂട്ടിച്ചേർത്തു.

നാടകത്തില്‍ നിന്നും സിനിമയിലെത്തിയ പലരും ശോഭിക്കാറില്ല. എന്നാല്‍ കെപിഎസി ലളിത സിനിമയിലും ശോഭിച്ചിരുന്നു. അവര്‍ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു. മണിച്ചിത്രത്താഴ്, പൊന്‍മുട്ടയിടുന്ന താറാവ്, ഗോഡ്ഫാദര്‍, അനിയത്തി പ്രാവ് തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ ഇന്നസെന്റ് എടുത്ത് പറഞ്ഞു.

Read More: ‘അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്’- കെപിഎസി ലളിതയുടെ ഓർമകളിൽ താരങ്ങൾ

അനിയത്തി പ്രാവില്‍ കുഞ്ചാക്കോ ബോബനും ശാലിനിയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് പിരിയാന്‍ പറ്റില്ലെന്ന് തിരിച്ചറിയുമ്പോള്‍ ശ്രീവിദ്യയോട് നിങ്ങള്‍ക്ക് വേണമെങ്കില്‍ എടുത്തോയെന്ന് മൂക്ക് ചീറ്റി കണ്ണ് തുടച്ച് പറയുമ്പോള്‍ ഇതാണ് ആര്‍ട്ടിസ്‌റ്റെന്ന് നമുക്ക് തോന്നുമെന്നും ഇന്നസെന്റ് പറയുന്നു.

കെപിഎസി ലളിതയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും നടിയുടെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും ഇന്നസെന്റ് പ്രതികരിച്ചു.

Story Highlights: Innocent about KPAC Lalitha