നിമിഷ അണ്‍പ്രെഡിക്റ്റബിളായ ഒരു അഭിനേത്രിയെന്ന് ജിസ് ജോയ്; ഒപ്പം സിനിമ ചെയ്തത് ഏറ്റവും മികച്ച അനുഭവം
മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ജിസ് ജോയ്. സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്ണമിയും അടക്കമുള്ള ജനപ്രിയ സിനിമകളുടെ സംവിധായകനായ ജിസ് ജോയ് ഒരുക്കുന്ന ത്രില്ലർ ചിത്രമാണ് ‘ഇന്നലെ വരെ.’ മലയാളത്തിലെ പുതുതലമുറയിലെ ഏറ്റവും മികച്ച നടിമാരിലൊരാളായ നിമിഷ സജയൻ ആദ്യമായി ഒരു ജിസ് ജോയ് ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയോട് കൂടിയാണ് ചിത്രം ഒരുങ്ങുന്നത്. ഇപ്പോൾ നിമിഷയുടെ അഭിനയത്തെ പ്രശംസിച്ച് ജിസ് ജോയ് പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.
നിമിഷ സജയനൊപ്പം സിനിമ ചെയ്തത് തനിക്ക് ഒരു മികച്ച അനുഭവമായിരുന്നുവെന്നാണ് സംവിധായകൻ പറയുന്നത്. ഇത്രയും അണ്‍പ്രെഡിക്റ്റബിളായൊരു അഭിനേത്രിക്കൊപ്പം താന്‍ ഇതുവരെ സിനിമ ചെയ്തിട്ടില്ലെന്നും ജിസ് ജോയ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“നിമിഷയ്ക്ക് സിനിമയില്‍ ഒരുപാട് പെര്‍ഫോം ചെയ്യാനുണ്ട്. സാധാരണയായി ഞാന്‍ ചെയ്യുന്ന സിനിമകളിലെ നായികമാരെ പോലെ വളരെ പോസ്റ്റീവായൊരു കഥാപാത്രമല്ല നിമിഷയുടേത്. ഇത്രയും അണ്‍പ്രെഡിക്റ്റബിളായ ഒരു അഭിനേത്രിക്കൊപ്പം ഞാന്‍ സിനിമ ചെയ്തിട്ടില്ല. ഞാന്‍ ലളിത ചേച്ചിയുടെയും മഞ്ജു വാര്യറിന്റെയും എല്ലാം കൂടെ സിനിമ ചെയ്തിട്ടുണ്ട്. അതേ നാണയത്തിലുള്ള ഒരു നടിയാണ് നിമിഷയും. ഒരു രീതിയലും നമുക്ക് പ്രെഡിക്റ്റ് ചെയ്യാന്‍ കഴിയില്ല അവരെ. ഓരോ ടേക്കും വളരെ വ്യത്യസ്തമാണ്. സിനിമ ചെയ്യുന്നതിന് മുമ്പ് ഇതെല്ലാം പല അഭിമുഖങ്ങളിലും നിമിഷയെ കുറിച്ച് വായിച്ചിട്ടുണ്ടെന്നല്ലാതെ ജീവിത്തില്‍ അത് എക്‌സ്പീരിയന്‍സ് ചെയ്തത് ആദ്യമായിട്ടാണ്. സെറ്റില്‍ ചിരിച്ച് നില്‍ക്കുകയാണെങ്കിലും അതേ സമയത്ത് തന്നെ ഇമോഷണല്‍ സീനുകളെല്ലാം നിമിഷ മനോഹരമായി ചെയ്യും. നിമിഷയ്‌ക്കൊപ്പം സിനിമ ചെയ്തത് ഒരു അനുഭവം തന്നെയായിരുന്നു”- ജിസ് ജോയ് അഭിമുഖത്തിൽ പറഞ്ഞു.
നിമിഷയ്ക്ക് പുറമെ ആസിഫ് അലി, ആന്റണി വര്‍ഗീസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള സിനിമയാണ് ഇന്നലെ വരെയെന്നും ജിസ് ജോയ് വ്യക്തമാക്കി. ബോബി – സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ.
Story Highlights: Jis Joy praises Nimisha Sajayan’s acting