‘ആറാട്ടി’ലെ ആ സീൻ രസകരമായിരുന്നു; കോട്ടയം പ്രദീപിന്റെ ഓർമകളിൽ ബി ഉണ്ണികൃഷ്ണൻ

February 17, 2022

അന്തരിച്ച നടൻ കോട്ടയം പ്രദീപിനെ അനുസ്മരിക്കുകയാണ് സിനിമ ലോകം. താരം അവസാനമായി അഭിനയിച്ച ആറാട്ട് എന്ന ചിത്രത്തിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ. നാളെ റിലീസ് ചെയ്യാനിരിക്കുന്ന ആറാട്ടിൽ താരം അഭിനയിച്ചിരുന്നു. മോഹൻലാലിനൊപ്പമുള്ള കോമ്പിനേഷൻ സീനിലെ രംഗങ്ങളെക്കുറിച്ചാണ് സംവിധായകൻ പറയുന്നത്. ആ സീൻ രസകരമായിരുന്നു എന്നും പ്രദീപ് മികച്ചൊരു കലാകാരൻ ആയിരുന്നുവെന്നുമാണ് ഉണ്ണികൃഷ്ണൻ പറയുന്നത്. ചിത്രത്തിലെ മോഹൻലാലും പ്രദീപും ഒന്നിച്ചുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരത്തിന് ആദരാജ്ഞലികൾ അർപ്പിക്കുന്നത്.

‘പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ട്‌ ദിവസങ്ങൾക്ക്‌ മുമ്പും, “ആറാട്ടി”ന്റെ റിലിസ്‌ വിശേഷങ്ങൾ വിളിച്ച്‌ ചോദിച്ചിരുന്നു. ജി സി സി റിലിസുമായി ബന്ധപ്പെട്ട്‌ പ്രമോഷനൽ വീഡിയോ അയച്ച്‌ തന്നിരുന്നു. ഇന്ന് പുലർച്ചെ കേട്ടത്‌ അതീവ ദുഖകരമായ ആ വാർത്തയാണ്‌. ” നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടി”ൽ പ്രദീപും ലാൽസാറും തമ്മിലുള്ള കോമ്പിനേഷൻ സീൻ രസകരമായിരുന്നു. സിനിമയിൽ, പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട്‌, ” കഴിവുള്ള കലാകാരനായിരുന്നു”യെന്ന്. അതെ, പ്രദീപും അങ്ങനെ തന്നെ. തികഞ്ഞ സഹൃദയൻ, സംഗീതപ്രേമി. “ആറാട്ടി”ൽ ഒപ്പമുണ്ടായിരുന്നവരിൽ നെടുമുടി വേണുച്ചേട്ടനും, എന്റെ ചീഫ്‌ അസ്സോസിയേറ്റ്‌ ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. ആദരാഞ്ജലികൾ. ബി ഉണ്ണികൃഷ്ണൻ കുറിച്ചു.

Read also: മഞ്ഞുമാത്രം ഉപയോഗിച്ച് നിർമിച്ച താജ്മഹൽ; കൗതുകമായി ഗുൽമാർഗിലെ മഞ്ഞു ശിൽപം

ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രദീപിന്റെ അന്ത്യം. ഇന്ന് പുലർച്ചെ ഉണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുലർച്ചെ നാലു മണിയോടെ ആശുപത്രിയിൽവെച്ചായിരുന്നു മരണം സംഭവിച്ചത്. 2001-ൽ പുറത്തിറങ്ങിയ ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം. വിണ്ണൈ താണ്ടി വരുവായ, കുഞ്ഞി രാമായണം, ഒരു വടക്കൻ സെൽഫി തുടങ്ങി നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ആണ് അവസാനമായി റിലീസ് ചെയ്ത ചിത്രം. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

Story highlights:Kottayam Pradeep in Arattu Movie