“എല്ലാരും ചൊല്ലണ്”; മലയാളത്തിന്റെ മഹാനടി കെപിഎസി ലളിത പാടുന്നതിന്റെ അപൂർവ വീഡിയോ

February 23, 2022

മലയാളസിനിമയിലെ അതുല്യയായ അഭിനയപ്രതിഭയായിരുന്നു കെപിഎസി ലളിത. സമാനതകളില്ലാത്ത അഭിനയപ്രകടനം കാഴ്ചവെച്ച പ്രിയപ്പെട്ട നടിയുടെ വിയോഗത്തിൽ വിങ്ങുകയാണ് മലയാള സിനിമാലോകം. ഇപ്പോഴിതാ പണ്ട് കെപിഎസി ലളിത പാടിയ ഒരു പാട്ടിന്റെ വീഡിയോ ഹൃദയവേദനയോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ് മലയാളികള്‍.

“സുഹൃത്തുക്കളെ, എനിക്ക് പാട്ട് പാടാൻ അങ്ങനെ അറിയില്ല. കെപിഎസിയുടെ നാടകത്തില്‍ ഞാൻ കുറച്ച് പാടിയിട്ടുണ്ട്. അതിനുശേഷം പാടാറില്ല. ഒരു ആഗ്രഹത്തിന്റെ പുറത്ത് ഒരു പാട്ട് പാടുന്നു. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ നിങ്ങള്‍ ക്ഷമിക്കൂ” എന്ന മുഖവുരയോടെയാണ് കെപിഎസി ലളിത പാടുന്നത്. എല്ലാവരും ചൊല്ലണ് എന്ന് തുടങ്ങുന്ന ഗാനമാണ് കെപിഎസി ലളിത പാടുന്നത്. ഓര്‍ക്കസ്‍ട്രയ്ക്ക് അനുസരിച്ച് കെപിഎസി ലളിത പാടി തീര്‍ന്നപ്പോള്‍ കാണികള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. എം.ജി. ശ്രീകുമാറിനെയും വീഡിയോയില്‍ കാണാം. വിദേശ പ്രോഗ്രാമിനിടെ കെപിഎസി ലളിത പാടിയ പാട്ടിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെടുന്നത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കെപിഎസി ലളിത അന്തരിച്ചത്. ഏറെ നാളമായി അസുഖബാധിതയായിരുന്ന കെപിഎസി ലളിത ഒട്ടേറെ മികച്ച കഥാപാത്രങ്ങളും സിനിമകളും ഓര്‍മയില്‍ ബാക്കിയാക്കിയാണ് യാത്രയായിരിക്കുന്നത്. കെപിഎസി ലളിതയുടേതായി ‘ഭീഷ്‍മ പര്‍വം’, ‘ഒരുത്തീ’ എന്നീ ചിത്രങ്ങളാണ് വൈകാതെ പ്രദര്‍ശനത്തിനെത്താനുള്ളത്. മരണം വരെ അഭിനയിക്കുക എന്നതായിരുന്നു മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിയുടെ ആഗ്രഹം.

Read More: ‘അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്’- കെപിഎസി ലളിതയുടെ ഓർമകളിൽ താരങ്ങൾ

രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ നടിയാണ് കെപിഎസി ലളിത- 1999-ൽ അമരം, 2000-ൽ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അവാർഡുകൾ നേടിയത്. നാല് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ലഭിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ കെപിഎസി ലളിത മലയാളത്തിലും തമിഴിലുമായി 550-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.

Story Highlights: KPAC Lalitha singing