ആക്ഷനൊപ്പം കളിയും ചിരിയും നിറച്ച് സിമ്പുവിന്റെ ടൈം ട്രാവൽ; ‘മാനാട്’ മേക്കിങ് വിഡിയോ

February 3, 2022

തമിഴ് സിനിമ ആസ്വാദകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രങ്ങളിൽ ഒന്നാണ് മാനാട്. പ്രിയതാരം സിമ്പു കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം തിയേറ്ററുകളിൽ മികച്ച സ്വീകാര്യത നേടിയിരുന്നു. മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ചിത്രം സിമ്പുവിന്റെ തിരിച്ചുവരവായാണ് പ്രേക്ഷകർ സ്വീകരിച്ചത്. വെങ്കട് പ്രഭു സംവിധാനം നിര്‍വഹിച്ച ചിത്രം സംഘട്ടന രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ഒരുക്കിയത്. തിയേറ്ററുകളിൽ ഏറെ ആവേശം സൃഷ്ടിച്ച ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ലൊക്കേഷനിലെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്.

മലയാളി താരം കല്യാണി പ്രിയദര്‍ശനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. എസ് ജെ സൂര്യയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എസ് എ ചന്ദ്രശേഖര്‍, പ്രേംജി അമരന്‍, രവികാന്ത് തുടങ്ങിയ താരങ്ങളും അണിനിരക്കുന്ന മാനാട് മലയാളത്തിലും പ്രേക്ഷകരിലേക്കെത്തിയിരുന്നു. അതേസമയം ചിത്രത്തിലെ മെഹര്‍സില… എന്നു തുടങ്ങുന്ന ഗാനവും പ്രേക്ഷക പ്രീതി നേടിയതാണ്. ഗാനം ആലപിച്ചിരിക്കുന്നത് യുവാന്‍ ശങ്കര്‍ രാജയും റിസ്വാനും രാജഭാവതരിനിയും ചേര്‍ന്നാണ്. യുവാന്‍ ശങ്കര്‍ രാജതന്നെയാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. മദന്‍ കര്‍ക്കിയുടേതാണ് വരികള്‍. പൊളിറ്റിക്കൽ ടൈം ലൂപ്പ് ത്രില്ലറായാണ് ചിത്രം എത്തിയത്.

Read also: അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കാൻ യന്ത്രമരങ്ങളോ..? അത്ഭുതമാകാനൊരുങ്ങുന്ന കണ്ടെത്തൽ…

അതേസമയം വെള്ളിത്തിരയിൽ നിരവധി ചിത്രങ്ങളുമായി തിരക്കുള്ള താരമാണ് സിമ്പു. വിണ്ണൈതാണ്ടി വരുവായ, അച്ചം എന്‍പത് മടമയ്യടാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചിമ്പു- ഗൗതം മേനോന്‍- എ ആര്‍ റഹ്‌മാന്‍ എന്നിവര്‍ ഒരുമിക്കുന്ന ഒരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. വെന്ത് തനിന്തത് കാട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം വേല്‍സ് ഫിലിം ഇന്റര്‍നാഷ്ണല്‍ ആണ് നിര്‍മാണം.

Story highlights; Maanaadu Making Video