സിനിമയിലേക്കോ..? ശ്രദ്ധനേടി അഭിനയകളരിയിൽ പങ്കെടുക്കുന്ന മാളവിക ജയറാമിന്റെ ചിത്രങ്ങൾ…

February 4, 2022

അച്ഛൻ ജയറാം, ‘അമ്മ പാർവതി, സഹോദരൻ കാളിദാസൻ…എല്ലാവരും സിനിമാതാരങ്ങൾ, ഇങ്ങനെ സിനിമയോട് ചേർന്ന് നിൽക്കുന്ന ഒരു ഫാമിലിയിൽ നിന്നുമുള്ള മാളവിക എന്നായിരിക്കും സിനിമയിലേക്ക് എന്ന ചോദ്യം ആരാധകർക്കിടയിൽ ഉയർന്നിട്ട് കാലം കുറച്ചായി. എന്നാൽ പഠനവും തിരക്കുകളുമായി മുന്നോട്ട് പോയ മാളവിക ഒരു പരസ്യചിത്രത്തിലൂടെ അടുത്തിടെ പ്രേക്ഷകരിലേക്കെത്തിയിരുന്നു. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ അടക്കം ഏറെ ശ്രദ്ധ നേടുകയാണ് മാളവിക ജയറാം പങ്കുവെച്ച ചില ചിത്രങ്ങൾ.

പോണ്ടിച്ചേരിയിലെ ആദിശക്തി തിയേറ്റർ സംഘടിപ്പിച്ച അഭിനയകളരിയിൽ പങ്കെടുക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. തെന്നിന്ത്യയിലെ യുവതാരങ്ങൾക്കൊപ്പമാണ് മാളവിക അഭിനയകളരിയിൽ പങ്കെടുത്തത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ദേവ് മോഹൻ, തെലുങ്കു താരം നിഹാരിക കോണിഡേല, മോഡൽ‌ ശ്രുതി തുളി, നടൻ സൗരഭ് ഗോയൽ എന്നിവരടക്കമുള്ള പരിപാടിയിലാണ് മാളവികയും പങ്കെടുത്തത്.

Read also: ഇത് ലോകത്തിലെ ഏറ്റവും പവറുള്ള പവർ ബാങ്കോ ? സ്മാർട്ട് ഫോൺ മാത്രമല്ല, ടിവിയും വാഷിങ് മെഷീനുംവരെ ഒരേസമയം പ്രവർത്തിപ്പിക്കും, വിഡിയോ

‘മെച്ചപ്പെട്ടിട്ടുണ്ട്… യഥാർത്ഥത്തിൽ അല്ല’ എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ താരം സിനിമയിലേക്ക് വരികയാണോ എന്നതായി ആരാധകരുടെ ചോദ്യം. അതേസമയം സ്പോർട്സിൽ താത്പര്യമുള്ള മാളവിക അടുത്തിടെ കൊച്ചിയിൽ നടന്ന വനിത സെലിബ്രിറ്റി ഫുട്ബോൾ ലീഗിലും പങ്കെടുത്തിരുന്നു. എന്നാൽ താരത്തിന്റെ സിനിമ അരങ്ങേറ്റവുമായി ബന്ധപ്പെട്ട് ഇതുവരെ റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.

Story highlights: malavika jayaram latest photos goes viral