നായയെ ബൈക്കിന് പിന്നിൽ നടത്തിച്ച് യുവാക്കൾ; തടഞ്ഞ് നായയെ ഒപ്പംകൂട്ടി സ്‌കൂട്ടർ യാത്രികൻ- വിഡിയോ

ഇക്കാലത്ത് മൃഗങ്ങളോടുള്ള ക്രൂരത വളരെ അപൂർവമായ ഒരു സംഭവമല്ല. ഒട്ടേറെ മൃഗസ്നേഹികളുള്ള സമൂഹത്തിലാണ് ഇത് സംഭവിക്കുന്നത് എന്നത് അത്ഭുതപ്പെടുത്തുന്ന ഒരു വസ്തുതയാണ്. പലരും ഇങ്ങനെയുള്ള സംഭവങ്ങളിൽ പ്രതികരിക്കാതെ കാഴ്ചക്കാരായി മാത്രം ഇരിക്കും. ചിലർ മുന്നിൽ കണ്ട കാര്യങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ മാത്രം പ്രതികരിക്കും. അപൂർവ്വം ചിലർ മാത്രമാണ് ഇത്തരം സന്ദർഭങ്ങളിൽ യഥാർത്ഥ കരുണ കാണിക്കാറുള്ളു.
ഇപ്പോഴിതാ, അത്തരത്തിലൊരു കാഴ്ച ശ്രദ്ധനേടുകയാണ്. വിഡിയോ കണ്ടന്റ് ക്രിയേറ്ററായ വിവേക് ജാദൂവാണ് ഉള്ളുതൊടുന്ന ഒരു കാഴ്ച പങ്കുവെച്ചത്. രണ്ടു യുവാക്കൾ ബൈക്കിൽ സഞ്ചരിക്കുകയാണ്. പിന്നിൽ ഒരു നായയുമുണ്ട്. അമിതവേഗതയില്ലെങ്കിലും അത്യാവശ്യം വേഗതയിൽ സഞ്ചരിക്കുന്ന ബൈക്കിനൊപ്പം എത്താൻ നായ ശ്രമിക്കുകയാണ്. നായയെ കെട്ടിയിട്ടിരിക്കുന്ന ഒരു വള്ളി പിടിച്ച് ബൈക്കിന് പിന്നിൽ ഇരിക്കുകയാണ് ഒരാൾ.
ആരുടേയും ഉള്ളുതൊടും ഈ കാഴ്ച. എന്നാൽ, വെയിലത്ത് ഇങ്ങനെ നായയെ കൊണ്ടുപോകുന്നത് കണ്ട് എല്ലാവരും നോക്കിനിന്നില്ല. ഇങ്ങനെ സഞ്ചരിക്കുന്ന കണ്ട ഒരാൾ നായയെ രക്ഷിക്കാൻ എത്തി. അജ്ഞാതനായ അദ്ദേഹം സ്കൂട്ടർ നിർത്തി ബൈക്കിലുള്ള ആളുമായി വാക്കുതർക്കത്തിലേർപ്പെട്ടു. ഒടുവിൽ നായയെ തന്റെ സ്കൂട്ടറിൽ ഇരുത്തി എവിടേക്കാണോ കൊണ്ടുപോകേണ്ടത് അവിടേക്ക് കൊണ്ടുപോകാൻ അദ്ദേഹം സമ്മതിച്ചു.
സ്കൂട്ടറിന് മുന്നിൽ ഇരുത്തി അദ്ദേഹം നായയെ കൊണ്ടുപോയി. ഒരേസമയം വിമർശനവും കൈയടിയും നേടുകയാണ് ഈ വിഡിയോ. നായയോട് അങ്ങനെയൊരു ദ്രോഹം ചെയ്തതിനാണ് വിമർശനം ഉയരുന്നത്. നായയെ രക്ഷിക്കാൻ മനസ് തോന്നിയ അഞ്ജാതനാണ് കയ്യടി ഉയരുന്നത്.
Story highlights- Man makes dog walk on the road while taking a ride on bike