9-ാം വാർഡ് മാത്രമല്ല പ്രേക്ഷകഹൃദയവും പിടിച്ചടക്കി മെമ്പർ രമേശൻ

February 25, 2022

സിനിമയോളം മനുഷ്യനോട് ചേർന്ന് നിൽക്കുന്ന മറ്റെന്താണുള്ളത്…? ഓരോ ചിത്രവും പ്രേക്ഷകനിലേക്കെത്തുമ്പോൾ അത് പറഞ്ഞുവയ്ക്കുന്നത് നമുക്കിടയിൽ നമ്മൾ പലപ്പോഴും പറയാൻ മടിക്കുന്ന, ചിലപ്പോഴൊക്കെ നമുക്കിടയിൽ ചർച്ചയാകുന്ന അല്ലെങ്കിൽ ചർച്ചയാകേണ്ട വിഷയങ്ങൾ തന്നെയാണ്. ഇപ്പോഴിതാ ഇന്ന് മുതൽ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന മെമ്പർ രമേശനും കൂട്ടരും പറയുന്നതും അത് തന്നെയാണ്. മെമ്പർ രമേശനെപ്പോലൊരു യുവരാഷ്ട്രീയ നേതാവ് ചിലപ്പോൾ നമുക്കിടയിലും കണ്ടേക്കാം. അതുകൊണ്ടുതന്നെയാകാം ഈ കൊച്ചുചിത്രത്തെ മലയാളികൾ ഇത്രമേൽ ഹൃദയത്തിലേക്ക് ഏറ്റെടുത്തതും.

ഇന്ന് മുതൽ തിയേറ്ററുകളിൽ എത്തിയ ‘മെമ്പർ രമേശൻ 9-ാം വാർഡ്’ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രീതിനേടി മുന്നേറുകയാണ്…

കൈയടിനേടി രമേശനും കൂട്ടരും…

കഥയ്ക്കും കഥാതന്തുവിനും അപ്പുറം കഥാപാത്രങ്ങളിലെ അഭിനയ മികവുകൊണ്ട് ചിത്രം പ്രേക്ഷകര്ക്കിടയിൽ സ്വീകരിക്കപ്പെടുമെന്നുറപ്പ്. അത്രമേൽ മനോഹരമായാണ് ഓരോ കഥാപാത്രങ്ങളും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടുന്നത്. അർജുൻ അശോകനൊപ്പം ചെമ്പൻ വിനോദ്, ഇന്ദ്രൻസ്, ശബരീഷ് വർമ്മ, ജോണി ആന്റണി, മാമൂക്കോയ, സാബുമോൻ, അനൂപ് പന്തളം തുടങ്ങി ബംഗാളി ജോലിക്കാരനായി എത്തുന്ന ചോട്ടുവരെയും തങ്ങളുടെ കഥാപാത്രങ്ങളെ അതിന്റെ പൂർണതയിൽ എത്തിച്ചിട്ടുണ്ട്. സിനിമയിൽ അർജുൻ അശോകന്റെ നായികയായി വേഷമിടുന്നത് ഗായത്രി അശോകാണ്. ചിത്രത്തിലെ അന്നമ്മ എന്ന കഥാപാത്രത്തോട് നൂറ് ശതമാനം നീതി പുലർത്തി ഗായത്രി. ചിത്രത്തിലെ അഭിനേതാക്കളെ തിരഞ്ഞെടുത്തതിലെ സംവിധായകന്റെ പ്രാവീണ്യം തന്നെ ചിത്രത്തെ മികച്ചതാക്കി നിർത്തുന്ന ഘടകങ്ങളിൽ ഒന്നാണ്. ആൻറോ ജോസ് പെരിയ, എബി ട്രീസ പോൾ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം. ബോബൻ ആൻഡ് മോളി പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഹൃദയംതൊട്ട് കഥാതന്തു

ആക്ഷേപഹാസ്യ രൂപേണ എത്തുന്ന ചിത്രം, രാഷ്ട്രീയത്തിൽ ഇന്നും നിലനിൽക്കുന്ന ചില നൂലാമാലകളെയും ജനങ്ങൾക്ക് വേണ്ടി ജീവിക്കേണ്ടിവരുന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതസാഹചര്യങ്ങളെയുമൊക്കെയാണ് വരച്ചിടുന്നത്.. രാഷ്ട്രീയം എന്നത് ആർക്കും കേറിചെല്ലാവുന്ന ഒരിടമില്ലെന്നും അതിന് അർഹതപ്പെട്ടവൻ മാത്രമാണ് അവിടെ ഭരിക്കേണ്ടതെന്നും പറയുന്ന ചിത്രം ഇന്നത്തെ തലമുറയോട് മഹത്തായ ഒരു കാര്യം കൂടി പറഞ്ഞുകൊണ്ടാണ് അവസാനിക്കുന്നത്.

ഹിറ്റ് ലിസ്റ്റിൽ ഇടംനേടിയ ‘അലരേ’…

സൗഹൃദത്തിനും പ്രണയത്തിനുമെല്ലാം പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും നേരത്തെ തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടംനേടിയതാണ്. ചിത്രത്തിലെ ആദ്യ ഗാനമായ ‘അലരേ…’ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൈലാസ് മേനോൻ ആണ് സിനിമയ്ക്ക് ചേർന്ന വിധം സംഗീതം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ കെട്ടുറപ്പുള്ള തിരക്കഥയും എടുത്തുപറയേണ്ട ഒന്നാണ്, സംവിധായകർ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ തയാറാക്കിയതും. ചിത്രത്തിനെ അതിന്റെ പൂർണതയിൽ എത്തിക്കാൻ സിനിമാറ്റോഗ്രാഫർ എൽദോ ഐസക്കും, എഡിറ്റർ ദീപു ജോസഫും നൽകിയ സംഭാവനകളും ഏറെ പ്രശംസനീയമാണ്.

സ്റ്റാറാണ് അർജുൻ അശോകൻ

ചിത്രം കണ്ട് പുറത്തിറങ്ങുന്ന ഓരോ മലയാളിയും നിസംശയം പറഞ്ഞേക്കാവുന്ന മറ്റൊന്നുകൂടിയുണ്ട്, മലയാള സിനിമ അടക്കിവാഴുന്ന യുവതലമുറ താരങ്ങളിൽ ഇനി അർജുൻ അശോകന്റെ പേരും ചേർക്കപ്പെടും. അത്രമേൽ ഭദ്രമാണ് അർജുൻ അശോകന്റെ കൈയിൽ ഒ എം രമേശൻ എന്ന കഥാപാത്രം. പറവ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചതാണ് മലയാളികളുടെ പ്രിയതാരം ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ. പറവയിലെ ക്രിക്കറ്റ് ഭ്രാന്തനായ കഥാപാത്രത്തെ ഹൃദയത്തിലേറ്റിയ മലയാളികൾക്കിടയിലേക്ക് വരത്തനിലെ വില്ലൻ വേഷത്തിൽ അർജുൻ എത്തിയതോടെ തന്റെ കൈകളിൽ ഇനി ഏത് കഥാപാത്രവും ഭദ്രമെന്ന് കൂടി തെളിയിക്കുകയായിരുന്നു താരം. പിന്നീടങ്ങോട്ട് പ്രധാന കഥാപാത്രമായും സഹനടനായുമെല്ലാം മലയാള സിനിമയുടെ ഭാഗമായ അർജുൻ ഇന്ന് എത്തിനിൽക്കുന്നത് പ്രേക്ഷകർ സ്വീകരിച്ച മെമ്പർ രമേശനിലാണ്, ഈ ചിത്രം താരത്തിന്റെ കരിയറിലെ മറ്റൊരു വഴിത്തിരിവാകും എന്നുറപ്പ്.

Story highlights; Member Rameshan 9aam ward review